തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ ആദ്യവാരത്തോടെ 24 മണിക്കൂർ ആംബുലൻസ് സേവനമുൾപ്പെടെയുള്ള എംഎൽഎ ഓഫീസ് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
മണ്ഡലത്തിലെ എസ്റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ സംഘടിപ്പിച്ച ‘നന്ദി നേമം’ പൗരസ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ബിജെപി മണ്ഡലങ്ങളോട് വിവേചനം കാണിക്കാൻ മുതിർന്നാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നത്. എല്ലാ ആഴ്ചയും രണ്ട് ദിവസം എംഎൽഎ ഓഫീസിലും ഒരു ദിവസം ബിജെപി സംസ്ഥാന ഓഫീസിലും ജനങ്ങൾക്ക് തന്നെ നേരിൽ കാണാനുള്ള സൗകര്യം ഒരുക്കും.
ഇതിനു പുറമെ ഫോൺ, ഇമെയിൽ മുഖേനയും തന്നെ ബന്ധപ്പെടാവുന്നതാണ്. രണ്ട് മാസം കൂടുമ്പോഴും വാർഡ് തലത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്തും.
ഇതിൽ മേയർ, ഡെപ്യൂട്ടി മേയർ, വാർഡ് കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തും. നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവയുമായി ഏകോപിപ്പിച്ച് നേമത്ത് വികസനം നടപ്പിലാക്കുമെന്നും, കുടിവെള്ളക്ഷാമം, മാലിന്യനിർമ്മാർജ്ജനം, വെള്ളക്കെട്ട് പ്രശ്നം എന്നിവയ്ക്ക് മുൻഗണന നൽകി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരവാസികൾ ബിജെപിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് നഗരസഭയിലെ ഭരണവും രണ്ട് എംഎൽഎമാരുടെ വിജയവുമെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ചൂണ്ടിക്കാട്ടി. പരിപാടിയിൽ ബിജെപി സംസ്ഥാന സമിതി അംഗം മഹേശ്വരൻ നായർ, ഡെപ്യൂട്ടി മേയർ ആശാനാഥ്, നഗരസഭാ പൊതുമരാമത്ത് ചെയർപേഴ്സൺ മഞ്ജു ജി.എസ്, വാർഡ് കൗൺസിലർ അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്, ലിജു നായർ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

