ആയിരക്കണക്കിന് ആളുകൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി നിർമിച്ച പെരുമ്പളം പാലം നാടിന് സമർപ്പിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും നിർമാണത്തിലെ അനാസ്ഥ തുടരുന്നു. കഴിഞ്ഞ മാർച്ച് 7ന് ഗതാഗതത്തിനായി തുറന്നുകൊടുത്ത പാലത്തിലെ ടാറിങ് ഉൾപ്പെടെയുള്ള നിർണായകമായ പ്രവൃത്തികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ, നിലവിൽ ആദ്യഘട്ട
ടാറിങ് പോലും പൂർണമായിട്ടില്ലാത്ത സാഹചര്യമാണുള്ളത്. പാലത്തിലും അനുബന്ധ റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ നിലവിൽ പൂർണമായും സ്തംഭിച്ച നിലയിലാണ്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് പണികൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു. റോഡ് നിർമാണ യന്ത്രങ്ങളും നിർമാണ സാമഗ്രികളും പാലത്തിലും പരിസരത്തുമായി അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ ഗുരുതരമായ സുരക്ഷാ ഭീഷണിയാകുന്നുണ്ട്.
സുരക്ഷാ സംവിധാനങ്ങളിലും കടുത്ത അനാസ്ഥ പ്രകടമാണ്. പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനു പുറമെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചത് മാലിന്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ പാലത്തിലും കായലിലും തള്ളുന്നത് പതിവായതായും, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് നിലച്ചതും ജനങ്ങളെ വലിയ തോതിൽ വലയ്ക്കുന്നുണ്ട്.
ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന പാലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

