കാസർകോട് ജില്ലയിലെ പ്രധാന പാതകളിലൊന്നായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 29.83 കോടി രൂപയുടെ ടെൻഡർ നടപടികൾക്ക് ഔദ്യോഗിക ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഈ പദ്ധതിക്ക് അടിയന്തര അനുമതി ലഭ്യമായത്.
സംസ്ഥാനത്ത് കിഫ്ബി പദ്ധതികളുടെ പുനഃപരിശോധന സർക്കാർ തലത്തിൽ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെങ്കിലും, ഈ റോഡ് വികസനത്തിന് അതീവ മുൻഗണനയാണ് സർക്കാർ നൽകിയിരിക്കുന്നത്. സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.
ഈ ഇടപെടലുകളെത്തുടർന്ന് ഭരണപരമായ നടപടികൾ വേഗത്തിലാവുകയായിരുന്നു. കിഫ്ബി മുഖേന ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതികളുടെ തുടർനടപടികൾ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഈ മാസം 27-ന് സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായി അനുവദിച്ച 29.83 കോടി രൂപയുടെ പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. വരാനിരിക്കുന്ന കാലവർഷത്തിന് മുൻപായി റോഡിലെ കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ യാത്രക്കാർ നേരിടുന്ന ദുരിതം വർദ്ധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

