കാടുമൂടി കിടന്ന ഒരേക്കറോളം വരുന്ന ഭൂമിയെ മനോഹരമായ ചെണ്ടുമല്ലി പൂപ്പാടമാക്കി മാറ്റി രാവണീശ്വരം പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ മാതൃകയാകുന്നു. രാവണേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള കരിമ്പിൽ കരുണാകരന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്താണ് ഈ കൂട്ടായ്മ കാർഷിക വിപ്ലവം തീർത്തിരിക്കുന്നത്.
കരിന്തളത്തെ നഴ്സറിയിൽ നിന്നും ശേഖരിച്ച മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള 1,700 ഹൈബ്രിഡ് ഇനം ചെണ്ടുമല്ലിത്തൈകളാണ് ഈ കൃഷിയിടത്തിൽ നട്ടുപിടിപ്പിച്ചത്. ഈ മേഖലയിൽ ഇതിനോടകം വിജയം കൈവരിച്ച യുവകർഷകൻ കാലിച്ചാനടുക്കത്തെ രാഹുലിന്റെ കൃത്യമായ മാർഗനിർദേശങ്ങളാണ് ഈ സംരംഭത്തിന്റെ വിജയത്തിന് കരുത്തുപകർന്നത്.
സംഘം പ്രസിഡന്റ് പി.രവീന്ദ്രൻ, സെക്രട്ടറി എം.സുകേഷ് എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്ന് അംഗങ്ങൾ അടങ്ങിയ സംഘമാണ് കൃഷിയുടെ മേൽനോട്ടവും പരിപാലനവും നിർവഹിച്ചത്. കഴിഞ്ഞ വർഷം ജൂൺ 17ന് ആണ് ഈ തരിശുഭൂമിയിൽ കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കഠിനാധ്വാനത്തിന്റെ ഫലമായി നിലവിൽ എല്ലാ തൈകളും പൂത്തുലഞ്ഞ് വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. ഈ പാടത്തുനിന്ന് ഏകദേശം 7 ക്വിന്റലോളം പൂക്കൾ ശേഖരിക്കാനാകുമെന്നാണ് സംഘം ഭാരവാഹികളുടെ വിലയിരുത്തൽ.
കിലോയ്ക്ക് 300 രൂപ നിരക്കിലാണ് പൂക്കൾ വിപണിയിൽ വിൽപന നടത്തുന്നത്. വിളവെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ്, അജാനൂർ പഞ്ചായത്തംഗങ്ങളായ എ.തമ്പാൻ, ദീപാ പ്രവീൺ, അജാനൂർ കൃഷിഭവന്റെ ചുമതല വഹിക്കുന്ന മടിക്കൈ കൃഷി ഓഫിസർ സി.പ്രമോദ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.നാരായണൻ, സംഘം സെക്രട്ടറി എം.സുകേഷ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

