പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടത്.
മണ്ണാർക്കാട് ഭാഗത്ത് നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിച്ച ലോറി, പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് നിയന്ത്രണം വിട്ട് റോഡിന് കുറുകെ കുടുങ്ങുകയായിരുന്നു. റോഡിൽ വട്ടം തിരിഞ്ഞ ലോറി പാതയോരത്തെ ഇരുമ്പ് വൈദ്യുതിത്തൂണിലിടിച്ച് നിൽക്കുകയായിരുന്നു.
ഈ സമയം സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ലോറി തട്ടി. തുടർന്ന് ലോറിയുടെ കാബിൻ സമീപത്ത് നിർമ്മാണത്തിലിരുന്ന സി.വി.മജീദിന്റെ കെട്ടിടത്തിന് മുന്നിലുള്ള രണ്ടടി താഴ്ചയുള്ള കുഴിയിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വാഹനങ്ങൾ നീണ്ട
നിരയായതോടെ, തിരക്ക് ഒഴിവാക്കാൻ പാലക്കാട്ടേക്കുള്ള വാഹനങ്ങളെ മുണ്ടൂർ-പറളി വഴി തിരിച്ചുവിട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സ്കൂൾ, ഓഫീസ് സമയമായതോടെ സ്ഥിതി രൂക്ഷമായി.
തുടർന്ന് ഒൻപതുമണിയോടെ രണ്ട് ക്രെയിനുകൾ എത്തിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. ലോറി വൈദ്യുതിത്തൂണിൽ ഇടിച്ചതുമൂലം വൻ ദുരന്തം ഒഴിവായി.
“ലോറി കറുപ്പൻ വീട്ടിൽ മൊയ്തുപ്പയുടെ വീടിന്റെ മുന്നിലുള്ള ഇരുമ്പു വൈദ്യുതിത്തൂണിൽ ഇടിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു. അല്ലായിരുന്നെങ്കിൽ ലോറി വീട്ടിലേക്ക് ഇടിച്ചുകയറുമായിരുന്നുവെന്നു മൊയ്തുപ്പയുടെ മകൻ റിയാസ് പറയുന്നു.” മുണ്ടൂർ ജംക്ഷനിൽ മഴക്കാലത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നേരത്തെ 2024ൽ ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം ഇടിച്ചു തകർത്ത ലോറി ഒരു ഷോപ്പിങ് കോംപ്ലക്സിലേക്ക് ഇടിച്ചുകയറിയിരുന്നു.
ആ സമയത്ത് ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങിയതിനാൽ വലിയൊരു ദുരന്തമാണ് അന്ന് ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

