ഇറാൻ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണവിലയിലെ വർധനവും ആഭ്യന്തര വിപണിയിലെ ഇന്ധനവിലക്കയറ്റവും ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വരും ദിവസങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സേവന നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര കാപ്പിറ്റലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ധനവിലയിലുണ്ടായ നാല് ശതമാനത്തോളം വരുന്ന വർധനവ്, ഓരോ ഓർഡറിലും ഏകദേശം 44 പൈസയുടെ അധിക ബാധ്യതയാണ് കമ്പനികൾക്ക് വരുത്തിവെക്കുന്നത്. നിലവിൽ ഒരു ഓർഡറിന് കമ്പനികൾക്ക് വരുന്ന ശരാശരി ഡെലിവറി ചെലവ് ക്വിക്ക് കൊമേഴ്സ് വിഭാഗത്തിൽ 35 മുതൽ 50 രൂപ വരെയാണ്.
ഫുഡ് ഡെലിവറിയിൽ ഇത് 55 മുതൽ 60 രൂപ വരെയും വരുന്നു. സൊമാറ്റോയുടെ മാതൃ കമ്പനിയായ ഇറ്റേണലിൽ ഒരു ഓർഡറിന് ശരാശരി 45 രൂപയും, സ്വിഗ്ഗിയിൽ 55 രൂപയുമാണ് നിലവിലെ ശരാശരി ചെലവ്.
ഇതിൽ 20 ശതമാനത്തോളം തുക ഇന്ധനച്ചെലവിലേക്കാണ് വകയിരുത്തുന്നത്. ഈ സാഹചര്യം ഡെലിവറി തൊഴിലാളികളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
തങ്ങളുടെ സേവന നിരക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഗിഗ് ആൻഡ് പ്ലാറ്റ്ഫോം സർവീസ് വർക്കേഴ്സ് യൂണിയൻ’ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് മണിക്കൂർ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നിർത്തിവെച്ചുള്ള പ്രതിഷേധവും നടന്നിരുന്നു.
രാജ്യത്തെ ഏകദേശം 1.2 കോടിയോളം വരുന്ന ഗിഗ് തൊഴിലാളികളെ ഈ പ്രതിസന്ധി ബാധിക്കുമെന്നും, ഇന്ധനച്ചെലവിനും വാഹന പരിപാലനത്തിനു ആനുപാതികമായി വരുമാനം വർധിച്ചില്ലെങ്കിൽ പലരും ഈ മേഖല വിട്ടുപോകാൻ നിർബന്ധിതരാകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ടാലും കമ്പനികളുടെ പ്രവർത്തന ലാഭത്തെ ഇത് തൽക്കാലം കാര്യമായി ബാധിക്കാനിടയില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

