ഗൂഗിൾ ജെമിനി സേവനങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ തയ്യാറെടുക്കുന്നു. ഐ/ഒ 2026-ൽ ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതനുസരിച്ച്, ഇതുവരെ പിന്തുടർന്നിരുന്ന പ്രതിദിന പ്രോംപ്റ്റ് പരിധിക്ക് പകരം ‘കമ്പ്യൂട്ട്-യൂസ്ഡ്’ (compute-used) എന്ന പുതിയ സംവിധാനമാകും ഇനി നടപ്പിലാക്കുക.
ഇതുവരെ പ്രോംപ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ജെമിനിയുടെ ഉപയോഗ പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റത്തിലൂടെ, ഓരോ പ്രോംപ്റ്റിന്റെയും സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയാകും പരിധി നിശ്ചയിക്കുക.
ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളെ അപേക്ഷിച്ച് വീഡിയോ ജനറേഷൻ പോലുള്ളവ കൂടുതൽ കമ്പ്യൂട്ട് ശേഷിയും ടോക്കണുകളും ആവശ്യപ്പെടും എന്നതിനാലാണ് ഇത്തരമൊരു പരിഷ്കാരം. സാധാരണ ഉപയോക്താക്കളെ ഈ മാറ്റം കാര്യമായി ബാധിക്കില്ലെങ്കിലും, കോഡിംഗ്, വീഡിയോ ജനറേഷൻ തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കായി ജെമിനി ഉപയോഗിക്കുന്നവരെ പുതിയ സംവിധാനം ബാധിച്ചേക്കാം.
അഞ്ച് മണിക്കൂർ ഇടവേളകളിലുള്ള പരിധിയും പ്രതിവാര പരിധിയും പുതിയ നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഉപയോഗ പരിധി ജെമിനി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്.
സൗജന്യ പ്ലാൻ ഉപയോക്താക്കൾക്ക് ‘സ്റ്റാൻഡേർഡ് ലിമിറ്റുകൾ’ ബാധകമാകുമ്പോൾ, എഐ പ്ലസ് പ്ലാൻ ഉപയോക്താക്കൾക്ക് ഇതിന്റെ ഇരട്ടി പരിധിയും, എഐ പ്രോ ഉപയോക്താക്കൾക്ക് നാല് മടങ്ങ് അധിക പരിധിയും ലഭിക്കും. എഐ അൾട്രാ പ്ലാൻ ഉപയോക്താക്കൾക്ക് എഐ പ്രോ പ്ലാനിനേക്കാൾ 20 മടങ്ങ് അധികം ഉപയോഗിക്കാൻ സാധിക്കും.
മീഡിയ ജനറേഷൻ, ഡീപ് റിസർച്ച്, പ്രോ മോഡൽ, എക്സ്റ്റൻഡഡ് തിങ്കിംഗ് ആൻഡ് ഡീപ് തിങ്ക് തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കുന്നത് പരിധി വേഗത്തിൽ തീരുന്നതിന് കാരണമാകും. പരിധി അവസാനിച്ചാൽ ഉപയോക്താക്കളെ ചെറിയ മോഡലുകളിലേക്ക് മാറ്റും.
എഐ പ്രോ, അൾട്രാ വരിക്കാർക്ക് ക്രെഡിറ്റുകൾ വാങ്ങി ഉപയോഗം തുടരാനുള്ള സൗകര്യവും ഗൂഗിൾ ഏർപ്പെടുത്തുന്നുണ്ട്. വരും നാളുകളിൽ ഗൂഗിൾ ആന്റിഗ്രാവിറ്റി, ഗൂഗിൾ ഫ്ലോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഈ ക്രെഡിറ്റുകൾ ലഭ്യമാകും.
ഇതോടൊപ്പം, 100 ഡോളറിന്റെ പുതിയ എഐ അൾട്രാ പ്ലാൻ അവതരിപ്പിക്കുകയും ഉയർന്ന ടിയർ പ്ലാനിന്റെ നിരക്ക് 200 ഡോളറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

