പാലക്കാട് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി എംഎൽഎ ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് രമേഷ് പിഷാരടി അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങൾക്ക് പൂർണ്ണസമയ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ കാലയളവിൽ സിനിമ, സ്റ്റേജ് പ്രോഗ്രാം എന്നീ രംഗങ്ങളിൽ നിന്നുള്ള തിരക്കുകൾ ഒഴിവാക്കാനാണ് തീരുമാനം.
‘പൂർണസമയം’ പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി പറഞ്ഞു. ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാർ ഉള്ളത് മണ്ഡലത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.
മെഡിക്കൽ കോളജ് സുസജ്ജമാക്കുന്നതിനൊപ്പം ജില്ലാ ആശുപത്രിയുടെ നിർമാണപ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കും. മന്ത്രി കെ.എ.തുളസിയുടെ പിന്തുണ ഇക്കാര്യത്തിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ ഗൗരവമായി കാണുന്നു. നെല്ലു സംഭരണത്തിനായി ബജറ്റിൽത്തന്നെ തുക വകയിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പരിശ്രമിക്കും.
കൂടാതെ, കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓഡിറ്റോറിയങ്ങൾ സജ്ജമാക്കും. യുവതലമുറയുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധനം സർക്കാർ തലത്തിലും അല്ലാതെയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ബൈപാസ് റോഡുകളുടെ നിർമാണത്തിന് മുൻഗണന നൽകും. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ പാലക്കാടിന്റെ വ്യാവസായിക വളർച്ചയ്ക്കും നഗരാസൂത്രണത്തിനും ‘സിറ്റി ഹബ്’ മാതൃക നടപ്പിലാക്കും.
നഗര-ഗ്രാമ വികസനം ഒരേപോലെ സാധ്യമാക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ പാലക്കാടിനെ മഹാനഗരമായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

