മറയൂർ, കാന്തല്ലൂർ മേഖലകളിൽ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ഉപഭോക്താക്കളുടെ പരാതി. വിതരണ ഏജൻസികൾ ഗാർഹിക സിലിണ്ടറുകൾ കരിഞ്ചന്തയിൽ അമിതവിലയ്ക്ക് മറിച്ചുവിൽക്കുന്നതായാണ് പ്രധാന ആരോപണം.
മൂന്നാറിലെ ഇൻഡേൺ ഏജൻസിയും മറയൂർ നാച്ചിവയലിലെ ഭാരത് ഗ്യാസ് ഏജൻസിയുമാണ് ഈ മേഖലയിൽ വിതരണത്തിലുള്ളത്. സാധാരണക്കാർക്ക് സിലിണ്ടർ ലഭിക്കാൻ 45 ദിവസമെങ്കിലും കാത്തിരിക്കണമെന്നാണ് ഏജൻസികൾ നൽകുന്ന നിർദേശം.
എന്നാൽ, ഗ്യാസ് ലഭിക്കാത്ത പല ഉപഭോക്താക്കൾക്കും 30 ദിവസത്തിനുള്ളിൽ സിലിണ്ടർ വിതരണം ചെയ്തതായി മൊബൈലിൽ സന്ദേശം ലഭിക്കുന്നുണ്ട്. ഏജൻസികളുടെ ഇത്തരം തട്ടിപ്പുകൾ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്.
ഉപഭോക്താക്കൾ നേരിട്ട് സിലിണ്ടർ ശേഖരിക്കണമെന്ന നിബന്ധനയും ഏജൻസികൾ അടിച്ചേൽപ്പിക്കുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലും ഓഫിസ് സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ആളുകളെ തിരിച്ചയക്കുന്നതും പതിവാണ്.
ഇതിലൂടെ സാധാരണക്കാരുടെ ഒരു ദിവസത്തെ കൂലി ഉൾപ്പെടെ നഷ്ടപ്പെടുന്നു. എന്നാൽ, ഹോട്ടൽ ഉടമകൾ ഏജൻസികളുമായി ബന്ധപ്പെട്ടാൽ നിശ്ചിത സമയത്തിനുള്ളിൽ ഗോഡൗണിൽ സിലിണ്ടറുകൾ ലഭ്യമാക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിയമപ്രകാരം നിശ്ചിത ദൂരപരിധിക്കുള്ളിൽ സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകേണ്ട ഉത്തരവാദിത്തം ഏജൻസികൾ പാലിക്കുന്നില്ല.
ഈ പ്രതിസന്ധി മൂലം പ്രദേശത്തെ ഹോട്ടലുകളിൽ ഭക്ഷണ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. 70 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 100 മുതൽ 120 രൂപ വരെയാണ് ഈടാക്കുന്നത്.
വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കോവിൽക്കടവ് സ്വദേശി ജോസ് ആവശ്യപ്പെട്ടു. “സിലിണ്ടർ എടുക്കാൻ പോയാൽ ഉപഭോക്താവിന് പുച്ഛിക്കുന്ന രീതിയിലാണ് കാണുന്നത്.
മണിക്കൂറുകൾ കാത്തിരിക്കണം. എന്നാൽ കരിഞ്ചന്തയിൽ വാങ്ങുന്നവർക്ക് കാത്തിരിക്കേണ്ട
ആവശ്യം വരുന്നില്ല. 45 ദിവസം എന്ന മാനദണ്ഡം കാറ്റിൽ പറത്തിയാണ് കരിഞ്ചന്തയിൽ സിലിണ്ടർ അമിത വിലക്ക് വിൽപന നടത്തുന്നത്.
പരാതി പറഞ്ഞിട്ടും നടപടിയില്ല. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം.” എന്ന് അദ്ദേഹം വ്യക്തമാക്കി.
ബാബുനഗർ സ്വദേശിനി കുട്ടിയമ്മയുടെ വാക്കുകൾ ഇങ്ങനെ: “സിലിണ്ടർ ലഭിക്കാൻ ദിവസങ്ങളോളം കാത്തുനിന്നിട്ടും കിട്ടാത്ത അവസ്ഥയാണ്. ഉപഭോക്താക്കളുടെ പേരിൽ ബുക്ക് ചെയ്യുകയും കരിഞ്ചന്തയിൽ വിൽപനയുമാണു നടക്കുന്നത്.
ഹോട്ടൽ ഉടമകൾക്കും മറ്റും സുലഭമായി സിലിണ്ടർ ആവശ്യ സമയത്ത് ലഭിക്കുന്നുണ്ട്. സാധാരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

