കലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുന്നതിന് മുൻപ് മുഴുവൻ തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിയാക്കപ്പെട്ട
അനിലാ ബേബിയുടെ അഭിഭാഷകൻ അഡ്വ. ഷോൺ എം.
ജോർജ് വ്യക്തമാക്കി. കേസിന്റെ സമഗ്രമായ വിവരങ്ങളും പ്രോസിക്യൂഷൻ ശേഖരിച്ചിട്ടുള്ള തെളിവുകളും ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിൽ നിന്നും ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഔദ്യോഗിക രേഖകളും പൊലീസ് അന്വേഷണ റിപ്പോർട്ടുകളും ലഭിച്ച ശേഷം മാത്രമേ അവ വിശദമായി പരിശോധിച്ച് അഭിപ്രായം പറയാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങേയറ്റം സങ്കടകരമായ ഒരു ദുരന്തമാണുണ്ടായത്.
രണ്ടു ജീവനുകൾ പൊലിയുകയും മൂന്നു കുടുംബങ്ങൾ കടുത്ത ദുരിതത്തിലേക്ക് വീഴുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും പലവിധ സംശയങ്ങളും സ്വന്തം നിലയിലുള്ള കണ്ടെത്തലുകളും ഉണ്ടാകാം. എന്നാൽ സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളിലും വിചിത്രമായ സിദ്ധാന്തങ്ങളിലും വിശ്വസിച്ച് ആരും അന്തിമ തീരുമാനങ്ങളിൽ എത്തിച്ചേരരുത്.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ മെനഞ്ഞെടുക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയെ തെറ്റായ ദിശയിലേക്ക് വഴിതിരിച്ചുവിടും. നിയമപരമായ തെളിവുകൾക്ക് മാത്രം പ്രാധാന്യമുള്ള കോടതി മുറിയിൽ മാത്രമാണ് ഈ വിഷയം വിചാരണ ചെയ്യപ്പെടേണ്ടത്.
അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലൂടെയും ഭരണഘടനാപരമായ അവകാശങ്ങളിലൂടെയും മാത്രമേ ഈ കേസിൽ അന്തിമമായ നീതി ലഭ്യമാകൂ എന്നും അഡ്വ. ഷോൺ എം.
ജോർജ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

