കോട്ടയം നഗരമേഖല കേന്ദ്രീകരിച്ച് ശുചിമുറി മാലിന്യം അനധികൃതമായി തള്ളുന്ന പ്രവണത വർധിക്കുന്നു. മാലിന്യ സംസ്കരണത്തിനായി ഏജൻസികളിൽ നിന്ന് വലിയ തുക കൈപ്പറ്റി ക്വട്ടേഷൻ ഏറ്റെടുക്കുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിലോ, ജലാശയങ്ങളിലോ, പൊതുനിരത്തിലെ ഓടകളിലോ നിക്ഷേപിക്കുകയാണ് പതിവ്. ഇത്തരക്കാർക്കെതിരെ പ്രതിഷേധവുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യവുമായെത്തുന്ന വാഹനങ്ങളെ പിന്തുടർന്നാൽ ഇടിച്ചു വീഴ്ത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ഇവരുടെ വാഹനങ്ങളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
അതീവ ആസൂത്രിതമായാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. മാലിന്യവുമായി എത്തുന്ന ലോറികൾക്ക് അകമ്പടിയായി ബൈക്കുകളിലെത്തുന്ന സംഘം, പ്രദേശത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മാലിന്യം തള്ളുന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഈരയിൽക്കടവ് പാലത്തിനു സമീപം സമാനമായ സംഭവം അരങ്ങേറി. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ലോറി മാലിന്യം തള്ളുന്നത് കണ്ട് പരിസരവാസികൾ പുറത്തിറങ്ങിയെങ്കിലും, സംഘം വേഗത്തിൽ സ്ഥലം വിടുകയായിരുന്നു.
ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

