അരൂർ-തുറവൂർ ഉയരപ്പാതയുടെ ഭാഗമായി തുറവൂരിൽ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുമ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉയരപ്പാതയുടെ നീളം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൈലിങ് ജോലികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
നിലവിലെ പദ്ധതി പ്രകാരം തെക്ക് ഭാഗത്തേക്ക് ഇരുവശങ്ങളിലുമായി 12 തൂണുകൾ കൂടി അധികമായി നിർമ്മിക്കുന്നുണ്ട്. ഇതോടെ, 12.75 കിലോമീറ്റർ നീളത്തിൽ നിശ്ചയിച്ചിരുന്ന പാത 13.24 കിലോമീറ്ററായി വർദ്ധിക്കും.
അരൂർ മുതൽ തുറവൂർ വരെ ഒറ്റത്തൂണിലാണ് പാത നിർമ്മിക്കുന്നതെങ്കിലും, തുറവൂർ ജംക്ഷൻ മുതൽ തെക്കോട്ടുള്ള 350 മീറ്റർ അപ്രോച്ച് റോഡ് രണ്ട് തൂണുകളിലായാണ് പൂർത്തിയാക്കുന്നത്. ഇതിൽ 210 മീറ്റർ നീളം തൂണുകളിലും ബാക്കി 140 മീറ്റർ അനുബന്ധ റോഡായുമാണ് നിർമ്മാണം.
12 പുതിയ തൂണുകൾ സ്ഥാപിക്കുന്നതിനായി കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പൈലിങ് പ്രവർത്തികൾ നടക്കുന്നത്. ആദ്യത്തെ രൂപരേഖ പ്രകാരം തുറവൂർ കവലയിൽ അവസാനിക്കേണ്ടിയിരുന്ന പാതയും 30 മീറ്റർ അനുബന്ധ റോഡും, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് പുനർനിർണ്ണയിച്ചത്.
തുറവൂർ മഹാക്ഷേത്രത്തിന് മുന്നിൽ പാത തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡിസൈനിൽ മാറ്റം വരുത്തിയത്. എന്നാൽ, ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജംക്ഷനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന അൻപതിലധികം ടാക്സികൾക്കും നൂറ്റിയൻപതോളം ഓട്ടോറിക്ഷകൾക്കും നിലവിൽ സ്ഥലം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. കൂടാതെ, ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസിന്റെ സാന്നിധ്യവും ജംക്ഷനിൽ കുറവാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

