കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും ക്ഷമയുമാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ‘എ ട്രൂ കോൺഗ്രസ്മാൻ’ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചതുപോലെ, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾക്കായി നിശബ്ദനായി കാത്തിരിക്കാൻ അദ്ദേഹം എന്നും സന്നദ്ധനായിരുന്നു.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിനുശേഷം, വീണ്ടുമൊരു നിർണായക നിയോഗം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതലയോടെ മന്ത്രിസ്ഥാനത്തേക്ക് മൂന്നാം വട്ടമാണ് രമേശ് ചെന്നിത്തല മടങ്ങിയെത്തുന്നത്.
ആദ്യം മന്ത്രിപദത്തിലെത്തിയതിന്റെ നാല്പതാം വാർഷികത്തിലാണ് ഈ പുതിയ ദൗത്യം എന്ന പ്രത്യേകതയുമുണ്ട്. 1956 ജൂൺ 9ന് തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ രാമകൃഷ്ണൻ നായരുടെയും നന്തിയാട്ട് ദേവകിയമ്മയുടെയും മകനായാണ് കെ.ആർ.
രമേശ് ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം, കെഎസ്യു, യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വങ്ങളിൽ പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ചു.
കെഎസ്യു പ്രസിഡന്റായിരിക്കെ രാജീവ് ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എൻഎസ്യുവിന്റെ ദേശീയ തലപ്പത്തെത്താനും രമേശിന് സാധിച്ചു. 1982-ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ രമേശ് ചെന്നിത്തല, 1986-ൽ തന്റെ 30-ാം വയസ്സിൽ ആദ്യമായി മന്ത്രിസഭയിൽ അംഗമായി.
അന്നത്തെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പിന്നീട് 1989, 1991, 1996, 1999 വർഷങ്ങളിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005 മുതൽ കെപിസിസി പ്രസിഡന്റായിരുന്ന കാലയളവിൽ പ്രതിസന്ധിയിലായ സംസ്ഥാന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2011 മുതൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ചുവരുന്ന അദ്ദേഹം, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ ‘ഓപ്പറേഷൻ കുബേര’ പോലുള്ള കർശന നടപടികൾക്ക് നേതൃത്വം നൽകിയിരുന്നു.
2016 മുതൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തി. ബ്രൂവറി-ഡിസ്റ്റിലറി വിവാദം, സ്പ്രിൻക്ലർ കരാർ, ആഴക്കടൽ മത്സ്യബന്ധനക്കരാർ, സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട
സോഫ്റ്റ്വെയർ കരാർ തുടങ്ങിയവയെക്കുറിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവന്നതിലൂടെ ശക്തനായ പ്രതിപക്ഷ പോരാളിയെന്ന പ്രതിച്ഛായ അദ്ദേഹം ഉറപ്പിച്ചു. വായനയിലും എഴുത്തിലും അതീവ താല്പര്യമുള്ള അദ്ദേഹം ‘നിയോഗം’ എന്ന നോവലടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
താൻ സ്വീകരിച്ച ഓരോ ഉത്തരവാദിത്തവും പൂർണ്ണതയിൽ എത്തിക്കുകയെന്നതാണ് തന്റെ ശൈലിയെന്ന് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

