കൊടുങ്ങല്ലൂർ ∙ കടലായി കാരുമാത്രയിൽ സഹോദരങ്ങൾ ദാരുണമായി മരിച്ചു. കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരണമടഞ്ഞത്.
കൊച്ചിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്ന സുമ, പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരിയെ സന്ദർശിക്കാനായി എത്തിയതായിരുന്നു ശരത്ത്.
എന്നാൽ സുമയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം അറിയാൻ കഴിഞ്ഞതിന്റെ മാനസിക വിഷമത്തിൽ ഇയാൾ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ശരത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിനു പിന്നാലെ ചികിത്സയിലായിരുന്ന സഹോദരി സുമയും മരണത്തിന് കീഴടങ്ങി. കടലായി സ്വദേശികളായ ഈ കുടുംബം കഴിഞ്ഞ രണ്ടു വർഷമായി പുല്ലൂറ്റ് പിഡബ്ല്യുഡി ഉന്നതിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകൾ നടത്തി.

