വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയായ ഗാലക്സി എസ്27 സീരീസിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി മുൻനിര ബ്രാൻഡായ സാംസങ്. ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ‘പ്രോ’ വേരിയന്റ് അവതരിപ്പിക്കുന്നതിനൊപ്പം ഫോണിന്റെ ക്യാമറ സംവിധാനത്തിലും വലിയ പൊളിച്ചെഴുത്തുകൾ ഉണ്ടാകുമെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
പ്രമുഖ മാധ്യമമായ ഇടി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഗാലക്സി എസ്27 അൾട്രാ മോഡലിൽ നിന്നും 3എക്സ് 10എംപി ടെലിഫോട്ടോ ലെൻസ് പൂർണ്ണമായി ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇതിനുപകരം 200എംപി മെയിൻ ക്യാമറ, 50എംപി അൾട്രാ വൈഡ്, 50എംപി 5എക്സ് ടെലിഫോട്ടോ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആയിരിക്കും പുതിയ ഫോണിൽ ഉണ്ടാകുക. കഴിഞ്ഞ കുറേ തലമുറകളായി കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നതും വലുപ്പം കുറഞ്ഞതുമായ 10എംപി ടെലിഫോട്ടോ സെൻസർ ഒഴിവാക്കുന്നതിലൂടെ ഫോണിനുള്ളിൽ കൂടുതൽ ഇടം കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
200എംപി പ്രൈമറി ക്യാമറയ്ക്ക് തന്നെ 3എക്സ് സൂമിൽ മികച്ച ദൃശ്യങ്ങൾ നൽകാൻ സാധിക്കുമെന്നതും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, ചെറിയ പതിപ്പായ ഗാലക്സി എസ്27 പ്രോ മോഡലിൽ വ്യത്യസ്തമായ ക്യാമറ ക്രമീകരണമായിരിക്കും ഉൾപ്പെടുത്തുക.
ഇതിൽ 200എംപി മെയിൻ, 50എംപി അൾട്രാ വൈഡ് ക്യാമറകൾ നിലനിർത്തുമ്പോൾ, 12എംപി 3എക്സ് ടെലിഫോട്ടോ ക്യാമറ മാത്രമായിരിക്കും നൽകുക. ആഗോള വിപണിയിലെ ഡിറാം (DRAM), നാൻഡ് (NAND) ക്ഷാമവും മെമ്മറി വിലയിലെ വർദ്ധനവും കാരണം ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതേസമയം, അടിസ്ഥാന മോഡലുകളായ ഗാലക്സി എസ്27, എസ്27 പ്ലസ് എന്നിവയിൽ 10എംപി 3എക്സ് ടെലിഫോട്ടോ ക്യാമറ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രണ്ട് ഫോണുകളും 50എംപി മെയിൻ ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും നിലനിർത്തും.
ഫ്രണ്ട് ക്യാമറയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും, എസ്27 അൾട്രാ, പ്രോ മോഡലുകളിൽ പുതിയ 16എംപി സെൽഫി ക്യാമറ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

