കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്കുയർന്ന സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായത് സേനയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ കണക്കെടുപ്പിൽ 2020-ൽ സംസ്ഥാനത്ത് രണ്ടാമതെത്തിയ സ്റ്റേഷനാണ് ഇത്തരത്തിൽ വിവാദത്തിലായിരിക്കുന്നത്.
കരിഞ്ചന്തയിൽ മറിച്ചു വിറ്റാൽ 7 മുതൽ 14 ലക്ഷം വരെ രൂപ ലഭിക്കുമെന്ന ആകർഷണവും, ഇത്തരം തൊണ്ടിമുതലുകൾ ഇനിയാരും അന്വേഷിച്ചു വരില്ലെന്ന ഉറപ്പുമാകാം ഈ കുറ്റകൃത്യത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാൻസ്, കൂൾലിപ്, പാൻപരാഗ് തുടങ്ങിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയാൽ കോടതി പിഴയിടുന്നതു വരെയാണ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നത്.
പിഴയിട്ടുകഴിഞ്ഞാൽ പിന്നെ ഇവ നശിപ്പിക്കാനുള്ള ഉത്തരവാണ് പുറത്തുവരേണ്ടത്. എന്നാൽ പലപ്പോഴും ഇത്തരം ലഹരി ഉൽപന്നങ്ങൾ നശിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചകളുണ്ടാകാറുണ്ടെന്നാണ് വിവരം.
ഇവ പൂർണ്ണമായി കത്തിച്ചു കളയാൻ കഴിഞ്ഞില്ലെങ്കിൽ ചില അവസരങ്ങളിൽ സ്റ്റേഷന്റെ ടെറസിലോ മറ്റോ തുറന്നിടുകയാണ് പതിവ്. മദ്യക്കുപ്പികൾ പിടികൂടുന്ന കേസുകളിലും ഇത്തരത്തിലുള്ള അലംഭാവങ്ങൾ ഉണ്ടാകാറുണ്ട്.
ചുരുക്കം ചില ജീവനക്കാർ ഇത്തരം ഉൽപന്നങ്ങൾ കൈക്കലാക്കി തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകുന്നതായും ആക്ഷേപമുണ്ട്. ദൊട്ടപ്പൻകുളം പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് കഴിഞ്ഞ ജൂൺ 7-നാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയ 13800 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ഹാൻസും കൂൾലിപും അടങ്ങിയതായിരുന്നു ഈ ശേഖരം. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ബത്തേരിയിൽ റജിസ്റ്റർ ചെയ്ത 11-ാമത്തെ കേസാണിത്.
ഇതിനു പുറമെ, കഴിഞ്ഞ ജൂലൈ 3-ന് ബത്തേരി ബീനാച്ചി എക്സ് സർവീസ്മെൻ കോളനിക്കു സമീപമുള്ള മറ്റൊരു വീട്ടിൽ നിന്നും 6440 പാക്കറ്റ് പാൻ മസാലകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

