ഫുട്ബോൾ താരം ലിയോണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിനിടെ വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാൻ എക്സൈസ് നീക്കം. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കളമശ്ശേരിയിലെ ഓഫീസിൽ നേരിട്ടെത്തിയാണ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
ഓഫീസിലുണ്ടായിരുന്ന ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, എഫ്ഐആർ പകർപ്പ് നൽകാതെ കൂടെവരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ സ്ഥാപനത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു.
തുടർന്ന് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം ഓഫീസിനുള്ളിലേക്ക് മാറ്റി. അർജന്റീന ടീമിനെയും ലിയോണൽ മെസിയെയും കേരളത്തിലേക്ക് എത്തിക്കുമെന്ന വാഗ്നാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ എസ്ഐടി നടത്തിയ പരിശോധനയ്ക്കിടെയാണ് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്ററിലധികം വരുന്ന വിദേശമദ്യശേഖരം കണ്ടെത്തിയത്.
തുടർന്ന് ഈ വിവരം എക്സൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് പിടിച്ചെടുത്തതെന്നും അബ്കാരി നിയമപ്രകാരം കേസെടുക്കുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഈ കേസിലെ തുടർനടപടികളുടെ ഭാഗമായാണ് എക്സൈസ് സംഘം ഓഫീസിലെത്തിയത്. മെസി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് എക്സൈസ് സംഘം ഇവിടെയെത്തിയത്.
ഏകദേശം 20 മണിക്കൂർ നീണ്ടുനിന്ന റെയ്ഡിൽ നിർണായകമായ നിരവധി രേഖകളാണ് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട
രേഖകളും കസ്റ്റഡിയിൽ എടുത്ത കൂട്ടത്തിൽ പെടുന്നു. കൂടാതെ 6300 അമേരിക്കൻ ഡോളറും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് ഈ റെയ്ഡ് അവസാനിച്ചത്.
ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള ചെമ്പുമുക്കിലെ ഫ്ലാറ്റിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗോഡ് ആഡ്സ് (Goadds) എന്ന മാർക്കറ്റിംഗ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

