കൊച്ചി: ഔദ്യോഗിക രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഘടിപ്പിക്കാതെയും സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് വാഹനം എറണാകുളം എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്.
കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി യാത്രക്കാരെ കയറ്റി പോകുകയായിരുന്നു ഈ വാഹനം. തുടർന്ന് നടത്തിയ രേഖാ പരിശോധനയിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും കൃത്യമായ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും വ്യക്തമായി.
എന്നാൽ, ഈ നമ്പർ വാഹനത്തിൽ യാതൊരുവിധത്തിലും പ്രദർശിപ്പിച്ചിരുന്നില്ല. പുതിയ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് ഡീലർമാർ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് നിയമം.
എന്നാൽ, ഡീലർ ഈ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം കൈമാറിയതിനെത്തുടർന്ന്, ഉടമ യാതൊരുവിധ നമ്പറുമില്ലാതെ കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ വാഹനം സർവീസ് നടത്തുകയായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം കൈമാറിയതുമായി ബന്ധപ്പെട്ട് ഡീലറോട് വിശദീകരണം തേടിയിട്ടുണ്ട്.
എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഈ നടപടികൾ സ്വീകരിച്ചത്. പട്രോളിംഗിനിടയിൽ വാഹനത്തിന്റെ പന്തികേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും 6,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് വിഭാഗം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

