പത്തനംതിട്ടയിൽ നിന്നുള്ള പതിനാറുകാരൻ റൗൾ ജോൺ അജു സാങ്കേതിക ലോകത്ത് ശ്രദ്ധേയമായ നേട്ടങ്ങളുമായി മുന്നേറുന്നു. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ റൗൾ, ഒരു എഐ സ്റ്റാർട്ടപ്പിന്റെ സാരഥിയും അധ്യാപകനും ഡവലപ്പറുമായി മാറിക്കഴിഞ്ഞു.
പതിനഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിലൂടെ വിവിധ രാജ്യങ്ങളിലായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഇതിനകം കൃത്രിമ ബുദ്ധിയിൽ (എഐ) പരിശീലനം നൽകിയിട്ടുള്ളത്. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ മിടുക്കനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
രാജ്യത്ത് ‘എഐ കിഡ് ഓഫ് ഇന്ത്യ’ എന്നാണ് റൗൾ അറിയപ്പെടുന്നത്. ഏഴ് വർഷം മുൻപ് സ്വന്തമായി എഐ സാങ്കേതികവിദ്യകൾ പഠിച്ചെടുത്തുകൊണ്ടാണ് റൗൾ ഈ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് താൻ നേടിയ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ തുടക്കം കുറിച്ചു. നിലവിൽ ‘എഐറിയാം ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ്പിന് കീഴിലുള്ള തിങ്ക്ക്രാഫ്റ്റ് അക്കാദമിയിലൂടെയാണ് പരിശീലനങ്ങൾ നൽകുന്നത്.
ഐഐടി, ഐഐഎം, വിവിധ വിദേശ സർവകലാശാലകൾ, പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. RESQ.AI, MeBot, ZapGap, Investo AI, FeedFye തുടങ്ങി പതിനഞ്ചോളം എഐ ടൂളുകളാണ് റൗൾ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ സ്റ്റാർട്ടപ്പിൽ റിമോട്ട് രീതിയിൽ ജോലി ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ‘റൗൾ ദ് റോക്സ്റ്റാർ’ എന്ന അക്കൗണ്ടിന് അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്.
തിങ്ക്ക്രാഫ്റ്റ് ആപ് വഴി വിദ്യാർത്ഥികൾക്ക് വീടുകളിൽ ഇരുന്ന് ഗെയിം കളിക്കുന്ന ലാഘവത്തോടെ എഐ പഠിക്കാൻ സാധിക്കുമെന്ന് റൗൾ വ്യക്തമാക്കുന്നു. പത്തനംതിട്ട
ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനാണ്. നോർത്ത് ഇടപ്പള്ളി ജിഎച്ച്എസ് എസിലാണ് വിദ്യാഭ്യാസം തുടരുന്നത്.
അതേസമയം, അഞ്ച് വർഷം മുൻപ് റൗളിന് ലഭിച്ച ഒരു വ്യാജസന്ദേശവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവവും പുറത്തുവന്നിട്ടുണ്ട്.
യുഎസിലെ മത്സരത്തിൽ സമ്മാനം ലഭിച്ചെന്നും അത് കുറിയർ വഴിയെത്തിക്കാൻ ഫീസ് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് സന്ദേശം എത്തിയത്. നൈജീരിയക്കാരനായ തട്ടിപ്പുകാരനെ എഐയുടെ സഹായത്തോടെ കണ്ടെത്തുക മാത്രമല്ല, അയാൾക്ക് മറുപടി അയക്കുകയും ചെയ്തു.
പണത്തിനുവേണ്ടിയാണെങ്കിൽ എഐയുടെ സഹായത്തോടെ ഒരു പുസ്തകം എഴുതിക്കൂടേ എന്നായിരുന്നു റൗളിന്റെ ചോദ്യം. ഈ നിർദ്ദേശം ഗൗരവമായി എടുത്ത ആ നൈജീരിയക്കാരൻ പിന്നീട് ഒരു പുസ്തകവും രചിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

