കുളപ്പുള്ളിയിൽ തുടർച്ചയായ വാഹന മോഷണം നടന്നതായി റിപ്പോർട്ട്. മോഷണത്തിനായി എത്തിയ അജ്ഞാതൻ പലതവണ വാഹനങ്ങൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം പ്രദേശത്ത് ആശങ്ക പരത്തിയിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുളപ്പുള്ളി അന്തിമഹാകാളൻ കാവിനു സമീപത്തുള്ള നടുവിൽ പുരക്കലിൽ വീട്ടിൽ വിജിത്തിന്റെ ബൈക്കാണ് ആദ്യം മോഷ്ടാവിന്റെ ലക്ഷ്യമായത്.
വീടിനു മുന്നിലെ സിസിടിവി ക്യാമറയുടെ വയർ മുറിച്ചുമാറ്റിയ ശേഷം ബൈക്ക് തള്ളിക്കൊണ്ടുപോയ പ്രതി, അര മണിക്കൂറോളം പരിശ്രമിച്ചാണ് വാഹനം സ്റ്റാർട്ട് ചെയ്തത്. എന്നാൽ, നൂറു മീറ്റർ സഞ്ചരിച്ചതോടെ ബൈക്ക് നിലച്ചു.
തുടർന്ന് ബൈക്ക് വഴിയിൽ ഉപേക്ഷിച്ച പ്രതി, സമീപത്തെ കരുവാൻ പുരയ്ക്കൽ രമേഷിന്റെ വീട്ടിൽ കയറി അവിടെയുണ്ടായിരുന്ന സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നു. രാവിലെ വാഹനങ്ങൾ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ട
ഉടമകൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ, റോഡരികിലെ വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കും മോഷ്ടിക്കാൻ ശ്രമം നടന്നതായി കടയുടമ ബൈജു അറിയിച്ചു.
മോഷണത്തിന്റെ ബാക്കി ഭാഗം അരങ്ങേറിയത് പുലാമന്തോളിലും കൊളത്തൂരിലുമാണ്. സ്കൂട്ടറുമായി പുലാമന്തോളിലെത്തിയ പ്രതി, കൊളത്തൂരിൽ വെച്ച് സ്കൂട്ടർ ഉപേക്ഷിക്കുകയും മറ്റൊരു ബൈക്കുമായി രക്ഷപ്പെടുകയുമായിരുന്നു.
പത്തിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും, ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലും നിന്നാണ് പൊലീസ് ഈ നിഗമനങ്ങളിൽ എത്തിയത്. സംഭവത്തിൽ എസ്ഐ കെ.പി.
അശ്വിൻ നേതൃത്വം നൽകുന്ന സംഘം അന്വേഷണം ഊർജിതമാക്കി. ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്ത് ഉടമയ്ക്ക് തിരികെ നൽകി. പ്രതിക്കായി വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

