കാസർകോട് ∙ ജില്ലാ കലോത്സവം നടത്തിപ്പിൽ വീണ്ടും ട്വിസ്റ്റ്. കലോത്സവം ഡിസംബർ ആദ്യ വാരം നടത്തേണ്ടി വരുമെന്ന സ്ഥിതിയാണ്.
തിരഞ്ഞെടുപ്പു മൂലം പരീക്ഷാ, ക്രിസ്മസ് അവധികളിൽ വന്ന മാറ്റമാണ് കാരണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതോടെയാണ് കലോത്സവ തീയതികളിൽ വീണ്ടും മാറ്റം വന്നത്.
തീയതി മാറ്റവുമായി ബന്ധപ്പെട്ട
ചർച്ചകൾക്കായി നാളെ ഡിഡിഇ അടക്കമുള്ളവർ മൊഗ്രാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തും.
സ്കൂൾ അധികൃതരുമായുള്ള ചർച്ചയ്ക്കു ശേഷമേ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകൂ. ജില്ലാ കലോത്സവം ഡിസംബർ 30 മുതൽ ജനുവരി 3 വരെ നടത്താനായിരുന്നു നിലവിലെ തീരുമാനം.
എന്നാൽ, ജനുവരി 4 വരെ ക്രിസ്മസ് അവധിയായ പശ്ചാത്തലത്തിൽ ഡിസംബർ ആദ്യ വാരം കലോത്സവം നടത്തേണ്ടി വരും. അവധിക്കാലത്ത് കലോത്സവം നടത്താൻ സാധിക്കില്ല.
ജനുവരി 14 മുതൽ സംസ്ഥാന കലോത്സവത്തിനു തീയതി നിശ്ചയിച്ചിരിക്കുന്നതിനാൽ 4ന് ശേഷം ജില്ലാ കലോത്സവം നടത്തുന്നതും പ്രായോഗികമല്ല.
6ന് കലോത്സവം തുടങ്ങിയാലും 10നേ തീരൂ. ജില്ലാ കലോത്സവത്തിനു ശേഷം സംസ്ഥാന തലത്തിൽ മത്സരത്തിനൊരുങ്ങാൻ 10 ദിവസമെങ്കിലും നൽകണമെന്നാണ് ചട്ടം.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ 13നുമാണ്. അക്കാദമിക് കലണ്ടർ അനുസരിച്ചു ഡിസംബർ 11ന് ആയിരുന്നു പരീക്ഷ തുടങ്ങേണ്ടത്.
എന്നാൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടുനൽകേണ്ടി വരും.
ഡിസംബർ ആദ്യവാരം ജില്ലാ കലോത്സവം നടത്തേണ്ടി വരുമെന്ന് ഉറപ്പാണ്. ജനുവരി 4 വരെ സ്കൂൾ അവധിയാണ്.
ആ സമയത്തു കലോത്സവം നടക്കില്ല. അതിനു ശേഷം നടത്താമെന്നു വിചാരിച്ചാൽ ജനുവരി 14 മുതൽ സംസ്ഥാന കലോത്സവം തുടങ്ങുമെന്ന പ്രശ്നമുണ്ട്.
നാളെ മെഗ്രാൽ സ്കൂളിൽ പോയി അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. ചർച്ചയ്ക്കു ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കും.
ടി.വി.മധുസൂദനൻ, ഡിഡിഇ
ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണു നീക്കം.
24 മുതൽ ജനുവരി 4 വരെ ക്രിസ്മസ് അവധി. ജനുവരി 5ന് സ്കൂളുകൾ തുറക്കാനാണ് നിലവിലെ തീരുമാനം.
ഈ വർഷത്തെ ജില്ലാ കലോത്സവത്തിന് ആദ്യംമുതലേ തിരിച്ചടികൾ ഏറെയായിരുന്നു. വേദിയായി കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് ആദ്യം തീരുമാനിച്ചത്.
24 മുതൽ 27 വരെയായിരുന്നു നടത്താൻ തീരുമാനിച്ചത്.
എന്നാൽ, സ്കൂൾ അധികൃതർ അസൗകര്യമറിയിച്ചതോടെ ഇക്കാര്യത്തിൽ തീരുമാനം വൈകി. സ്കൂളിൽനിന്ന് ഔദ്യോഗിക അപേക്ഷ നൽകിയില്ല.
മുള്ളേരിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടത്തിപ്പിനു സന്നദ്ധത അറിയിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് പരിഗണിച്ചില്ല. തുടർന്നാണ് മൊഗ്രാൽ സ്കൂളിനെ വേദിയാക്കിയതും ഡിസംബർ 30 മുതൽ ജനുവരി 3 വരെ കലോത്സവ തീയതിയായി പ്രഖ്യാപിച്ചതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

