വാണിയംകുളം മേഖലയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും കണ്ടെത്തി. വാണിയംകുളം കൃഷ്ണകൃപ വിലാസത്തിൽ താമസിക്കുന്ന ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ ഏഴു ദിവസത്തെ തിരച്ചിലിന് ശേഷം സുരക്ഷിതരായി കണ്ടെത്തിയത്.
കുടുംബത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ശർക്കര വ്യാപാരിയായ ബാബു ഭാസ്കറിനും മകനും മൈസൂരു മേഖലയിൽ ബന്ധങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കർണാടകയിലും മൈസൂരുവിലും വിപുലമായ പരിശോധന നടത്തിയിരുന്നു.
ഇവർ സഞ്ചരിച്ച വാഹനം നേരത്തെ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് കേസിൽ നിർണായകമായി. അന്വേഷണത്തിൽ, കുടുംബം ആസൂത്രിതമായാണ് നാടുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
വീടുകളിൽ പാലും പത്രവും വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു, ഇത് അന്വേഷണത്തെ ആദ്യം പ്രതിസന്ധിയിലാക്കി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ പരിശോധനകളാണ് കുടുംബത്തെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
തിരച്ചിൽ നടപടികളിൽ പങ്കുചേരുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു. നാടുവിടാനുണ്ടായ കൃത്യമായ സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

