ആലപ്പുഴയിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് എസ്ഐടി അപ്പീൽ സമർപ്പിച്ചത്.
അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, ആർ അരുൺ, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. 2023 ഡിസംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.
നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, സുരക്ഷാ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങി മർദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിക്കുകയും വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി നേരത്തെ ന്യായീകരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു ഔദ്യോഗിക നിലപാട്.
എന്നാൽ, സംഭവത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദ്ദേശത്തെത്തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

