സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഷിഗെല്ല രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ ജാഗ്രത കർശനമാക്കി. കോഴിക്കോട് നാദാപുരം തൂണേരിയിൽ ഒൻപതു വയസ്സുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി രോഗം ഭേദമായി വീട്ടിലെത്തിയ ശേഷമാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിനിടെ, കുട്ടിയുടെ അഞ്ചു വയസ്സുള്ള സഹോദരിക്കും സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ജില്ലയിലും സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. കുന്നോത്തുപറമ്പ് സ്വദേശിയായ അഞ്ചു വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതോടെ, പാനൂർ മൊകേരി പഞ്ചായത്തിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി ഉയർന്നു.
ഇതിനിടെ കോഴിക്കോട് ജില്ലയിൽ മലമ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ 63 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, തിക്കോടിയിൽ സ്ഥിരീകരിച്ച മലമ്പനി കേസിൽ മധ്യപ്രദേശ് സ്വദേശിയായ രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മറുഭാഗത്ത്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ്പ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ഇദ്ദേഹത്തിന് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകി. നിലവിൽ രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായതായും, നിരീക്ഷണത്തിലായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. ജില്ലയിൽ പുതിയ നിപ്പ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

