കോഴിക്കോട്: കെഎസ്ആർടിസിയിൽ നിലവിൽ നടന്നു വരുന്ന ആശ്രിതനിയമന നടപടികൾ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന പരാതിയുമായി ഉദ്യോഗാർഥികൾ രംഗത്ത്. പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ആറു മാസം മാത്രം ശേഷിക്കെ, വലിയ തോതിലുള്ള ആശ്രിതനിയമനം നടത്താനുള്ള നീക്കം റാങ്ക് ലിസ്റ്റിലുള്ളവർക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഉൾപ്പെടെയുള്ള കഠിനമായ കടമ്പകൾ കടന്നാണ് ഉദ്യോഗാർഥികൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ, റാങ്ക് പട്ടിക നിലവിലിരിക്കെ ഇത്തരം നിയമനങ്ങൾക്ക് മുൻഗണന നൽകുന്നത് നിയമപരമായ ബാധ്യതകളെ ചോദ്യം ചെയ്യുന്നതാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ഭരണ പരിഷ്കാര വകുപ്പിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം, ആകെ ഒഴിവുകളുടെ 95 ശതമാനവും പിഎസ്സി വഴിയും ബാക്കി 5 ശതമാനം മാത്രമാണ് ആശ്രിതനിയമനം വഴിയും നികത്തേണ്ടത്. എന്നാൽ, ഈ അനുപാതം കാറ്റിൽ പറത്തിക്കൊണ്ടാണ് കെഎസ്ആർടിസിയിലെ നടപടികൾ പുരോഗമിക്കുന്നത്.
419 പേരുടെ ആശ്രിതനിയമന പട്ടികയാണ് ഇതിനകം തയാറാക്കിയിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ 150 പേരെ നേരിട്ടു നിയമിക്കാനാണ് നീക്കം.
ആശ്രിതനിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന 5 ശതമാനം ഒഴിവുകളുമായി ക്രമപ്പെടുത്താൻ കഴിയുന്ന രീതിയിൽ മാത്രമേ ഇത്തരം തസ്തികകൾ സൃഷ്ടിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഈ വ്യവസ്ഥകളെല്ലാം അവഗണിച്ചാണ് നിയമന നടപടികൾ മുന്നോട്ടുപോകുന്നത്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ഇത്തരമൊരു ആശ്രിതനിയമനത്തിന് കളമൊരുങ്ങുന്നത്. നിയമനത്തിനായി തയാറാക്കിയ പട്ടിക ഇതിനകം പരിശോധനയ്ക്കായി വിവിധ ഓഫിസുകളിലേക്ക് അയച്ചുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

