അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു. കരാറിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായാണ് ഇരുരാജ്യങ്ങളും സൂക്ഷിക്കുന്നത്.
വരും വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് ലഭ്യമായ വിവരം. അതുവരെ കരാറിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്നാണ് തീരുമാനം.
എങ്കിലും, ഇതൊരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട
അവ്യക്തതകൾ തുടരുകയാണ്. കൂടാതെ, ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പൂർണ്ണമായ സമവായത്തിൽ എത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല.
വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. അതേസമയം, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രാൻസിലെത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ മറ്റ് ജി 7 നേതാക്കളുമായും അദ്ദേഹം ചർച്ചകൾ നടത്തും.
ഇതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരം ആറരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, തീരുവ നയം, എച്ച്-1ബി (H-1B) വിസ നിയന്ത്രണം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടങ്ങിയവ ചർച്ചാ വിഷയമായേക്കും.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന കാര്യങ്ങളും മോദി ഉന്നയിക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട
വിഷയം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. ഇന്ത്യ അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടണമായിരുന്നുവെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.
“കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണ്” എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ സംഭാഷണത്തിന് ശേഷം അമേരിക്ക നൽകിയ പ്രസ്താവന ഖേദപ്രകടനത്തിന് പകരം മുന്നറിയിപ്പായിരുന്നുവെന്ന് ശശി തരൂർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിൽ ട്രംപിനോട് മോദി നേരിട്ട് പ്രതിഷേധം അറിയിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

