തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണനടപടികൾക്കും നിയമനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ രംഗത്ത്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആർ എസ് എസ് ബന്ധമുണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ വെറും വാക്കുകളിൽ ഒതുങ്ങുകയാണെന്നും, ഭരണതലത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചത് ആർ എസ് എസ്-യു ഡി എഫ് ധാരണയുടെ ഭാഗമായാണെന്ന് സനോജ് ആരോപിച്ചു.
അദ്ദേഹത്തിന്റെ മുൻകാല നിലപാടുകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം വ്യക്തമാകുമെന്നും, ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്റെ പരിപാടിയിൽ കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും, മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം അവർക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വി കെ സനോജ് വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്കായി ഹാജരായ അഭിഭാഷകർ തന്നെ സർക്കാരിന്റെ അഭിഭാഷകരായി മാറുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെയും അദ്ദേഹം വിമർശിച്ചു.
കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ നഹാസ് പത്തനംതിട്ടയെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് സനോജ് പറഞ്ഞു. മയക്കുമരുന്ന് വേട്ടയ്ക്കായി സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ നേതൃത്വം നൽകുന്ന ഓഫീസിൽത്തന്നെ ഇയാളെ നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
യാത്രക്കാരുടെ വിഷയത്തിലും സർക്കാരിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. സൗജന്യ യാത്ര അനുവദിച്ചിരുന്ന ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സാധാരണക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

