നിങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരനാണോ? എങ്കിൽ തട്ടിപ്പുസംഘം നിങ്ങളെയും തേടിയെത്തും. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരായ ദമ്പതികളെയാണ് തട്ടിപ്പുസംഘം നോട്ടമിടുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ കുറയുന്നില്ല. സിബിഐയിൽനിന്നാണെന്നും മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഫോണിലൂടെ അറിയിച്ചാണ് സംഘം തട്ടിപ്പു നടത്തുന്നത്.
തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടുത്തിടെ പഞ്ചാബിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയിരുന്നു.
ലുധിയാന സ്വദേശി ജീവൻ രാം (28) ആണ് അറസ്റ്റിലായത്.
മുംബൈ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വാട്സാപ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട
സംഘം പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയപ്പിച്ചു.
തട്ടിപ്പുനടന്നു ദിവസങ്ങൾക്കുശേഷമാണ് ഡോക്ടർ പരാതി നൽകിയത്. തലശ്ശേരിയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവർ.
ഡിജിറ്റൽ അറസ്റ്റിലാണെന്നു പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ കണ്ണൂരിലെ വയോധിക ദമ്പതികൾക്ക് പൊലീസാണ് രക്ഷകരായത്.
പൊലീസ്, ക്രൈം ബ്രാഞ്ച്, സിബിഐ എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ഫോൺ നമ്പറും ആധാർ നമ്പറും കാണിച്ചായിരുന്നു ഭീഷണി.
ആധാർ നമ്പർ കണ്ടപ്പോൾ ദമ്പതികൾ വിശ്വസിച്ചു. എന്നാൽ ഇതുസംബന്ധിച്ച് പൊലീസിൽ വിവരമറിയിച്ചപ്പോൾ പൊലീസെത്തി രക്ഷിക്കുകയായിരുന്നു.
പത്രത്തിൽ വന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്ത വായിച്ചാണ് ഇവർ പൊലീസിനെ ബന്ധപ്പെട്ടത്.
സമൂഹമാധ്യമങ്ങൾ വഴിയുണ്ടാകുന്ന ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ പണം അയയ്ക്കാൻ നിൽക്കാതെ ആദ്യം പൊലീസിൽ വിവരമറിയിക്കണം. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930ൽ അറിയിക്കണം.
എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത അത്രയും കൂടുതലാണ്.
www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി റജിസ്റ്റർ ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

