ഇടുക്കി ജില്ലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ വീട് പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ലക്ഷങ്ങളുടെ നഷ്ടം. കഞ്ഞിക്കുഴി മഴുവടിയിലും അടിമാലിയിലുമാണ് ഈ അപൂർവ്വ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഞ്ഞിക്കുഴി മഴുവടിയിൽ കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യൻന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീടാണ് ദുരൂഹമായ സാഹചര്യത്തിൽ പൊട്ടിത്തെറിച്ച് പൂർണമായി തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടായത്.
അമ്മയുടെ മരണശേഷവും ആരോഗ്യപ്രശ്നങ്ങളെതുടർന്നും ഏറെ നാളായി മേരി സെബാസ്റ്റ്യൻ മലപ്പുറത്ത് മകളുടെ വീട്ടിലാണ് താമസം. അതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് കഞ്ഞിക്കുഴി പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. എന്നാൽ, ആൾതാമസമില്ലാത്ത വീട്ടിൽ സിലിണ്ടർ എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി വ്യക്തത വരുത്തുമെന്ന് കഞ്ഞിക്കുഴി എസ്എച്ച്ഒ പി.ഒ.റെജി വ്യക്തമാക്കി. എക്സ്പ്ലോസീവ് ടീം സ്ഥലം സന്ദർശിക്കുമെന്നും, മലപ്പുറത്തുനിന്നു വീട്ടുടമ എത്തിയ ശേഷം കൂടുതൽ പരിശോധനകൾ നടത്തുമെന്നും പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, അടിമാലി ടൗണിനു സമീപം അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന ‘ഏദൻ ഗാർഡൻ’ എന്ന കെട്ടിടമാണ് തീപിടിച്ച് കത്തിനശിച്ചത്. ഓഡിറ്റോറിയവും ഡിജെ ഹാളും ഉൾപ്പെടുന്നതായിരുന്നു ഈ സ്ഥാപനം.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് കെട്ടിടത്തിൽനിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. അടിമാലി, രാജാക്കാട്, നേര്യമംഗലം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.
അടിമാലി പുന്നത്താനത്ത് റിച്ചാർഡ് ലീസ് പാടത്തിന് എടുത്ത സ്ഥലത്തു നിർമിച്ചതാണ് ഈ ഓഡിറ്റോറിയം. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഹാളും അതിനുള്ളിലെ വിലപിടിപ്പുള്ള സാധനസാമഗ്രികളും പൂർണമായി കത്തിനശിച്ചു. ഓഡിറ്റോറിയവും അനുബന്ധ കെട്ടിടവുമാണ് അഗ്നിക്കിരയായത്.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിവരെ ഈ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

