ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കാച്ച്മെന്റ് ഏരിയകളിൽ മഴയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ഇതുമൂലം അണക്കെട്ടുകളിലെ ജലനിരപ്പ് 61 ശതമാനമായി താഴ്ന്നത് അധികൃതരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
തുലാം മഴ പ്രതീക്ഷിച്ചത്ര ലഭിക്കാത്ത സാഹചര്യത്തിൽ, ജനുവരിയോടെ വൈദ്യുതോൽപാദനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു ആഴ്ചയായി ഈ മേഖലയിൽ മഴ പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്തെങ്കിലും പദ്ധതി പ്രദേശത്തെ ജലനിരപ്പിൽ ഇത് യാതൊരുവിധ വർദ്ധനവും ഉണ്ടാക്കിയിട്ടില്ല.
പ്രദേശത്തെ ഭൂരിഭാഗം നീർച്ചാലുകളും വീണ്ടും വറ്റിവരണ്ട അവസ്ഥയിലാണ്.
ജലസംഭരണികളിലേക്ക് ആകെ 2.616 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. പമ്പാ അണക്കെട്ട്, കക്കി–ആനത്തോട് അണക്കെട്ട് എന്നിവയിലെ ജലനിരപ്പ് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
986.332 മീറ്റർ സംഭരണശേഷിയുള്ള പമ്പ ഡാമിൽ നിലവിൽ 970.75 മീറ്ററും, 981.450 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് ഡാമിൽ 970.425 മീറ്ററുമാണു ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് പദ്ധതിയിലെ വൈദ്യുതോൽപാദനം നിലവിൽ പീക്ക് ലോഡ് സമയങ്ങളിൽ മാത്രമായി ചുരുക്കിയിട്ടുണ്ട്.
പകൽ സമയങ്ങളിൽ ഒന്നോ രണ്ടോ ജനറേറ്ററുകൾ മാത്രമാണ് വളരെ കുറഞ്ഞ ലോഡിൽ പ്രവർത്തിക്കുന്നത്. ഈ സാഹചര്യം മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ത്തുന്നതിന് കാരണമായിട്ടുണ്ട്.
ശബരിഗിരി പദ്ധതിയിൽ നിന്നും പുറന്തള്ളുന്ന ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കക്കാട് പദ്ധതിയിലും പകൽ സമയത്ത് ലോഡ് വളരെ കുറച്ചാണ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്. മിക്ക ദിവസങ്ങളിലും പകൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്.
കക്കാട് പദ്ധതിയിലെ വെള്ളത്തെ ആശ്രയിച്ച് കക്കാട്ടാട്ടിൽ പ്രവർത്തിക്കുന്ന അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലെയും വൈദ്യുതോൽപാദനം ഇതിന്റെ ഫലമായി കുറഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

