തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാറളത്ത് വൃദ്ധയെ വീടിനുള്ളിൽ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെയാണ് (79) വീടിനകത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടന്നിരിക്കുന്നത്. ആക്രമണത്തിൽ കയ്യിലും കഴുത്തിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവസ്ഥലത്ത് തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മുറിയിൽ മുളകുപൊടി വിതറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് ആദ്യം മൃതദേഹം കണ്ടത്.
ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യ രീഷ്മയും അച്ഛനുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് റിതിക വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
തുടർന്ന് അടുക്കളയുടെ വാതിൽ വഴി അകത്തുകയറിയ സമയത്താണ് മുറിയിലെ കട്ടിലിൽ സാവിത്രിയെ കിടക്കുന്ന നിലയിൽ കണ്ടത്. വിളിച്ചിട്ടും സാവിത്രി എഴുന്നേൽക്കാതെ വന്നതോടെ കുട്ടി അയൽവാസികളെ വിവരമറിയിച്ചു.
അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമീപം താമസിക്കുന്ന മൂത്ത മകൻ സുരേഷ് വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരായ ഡിഐജി ടി.നാരായണൻ, റൂറൽ എസ്പി മുഹമ്മദ് നദീം, എഎസ്പി ടി.എസ്.
സിനോജ്, ഡിവൈഎസ്പി എം.കെ.ഷാജി എന്നിവർ അതിവേഗം സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. സംഭവസ്ഥലത്ത് വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തി.
പൊലീസ് നായ അടുക്കള ഭാഗത്തുകൂടി പുറത്തേക്കിറങ്ങി വീടിന്റെ പിറകിലൂടെ സമീപത്തെ പറമ്പിലേക്ക് കടന്ന് ഇടറോഡിലൂടെ പ്രധാന റോഡിലെത്തി നിൽക്കുകയാണുണ്ടായത്. കൊല്ലപ്പെട്ട
സാവിത്രി കയ്യിൽ ധരിച്ചിരുന്ന 5 സ്വർണവളകളും മോതിരവും കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാലയും ഉൾപ്പെടെ പതിനഞ്ച് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാൽ വീടിനകത്ത് അലമാരകളും മറ്റും കുത്തിത്തുറന്ന് മോഷണം നടത്താനുള്ള മറ്റ് ശ്രമങ്ങൾ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാവിത്രിയുടെ മക്കൾ: സുരേഷ്, സുഭാഷ്, സുമേഷ്, പരേതരായ സുജേഷ്, ശശി. മരുമക്കൾ: സിന്ധു, പ്രീതി, രീഷ്മ, ടീന, സുബിത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

