സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ലഭ്യമാക്കുന്ന നൂതന പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുന്നു. റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് പത്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ അപേക്ഷകരുടെ എണ്ണം 5.92 ലക്ഷം കവിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി അനുവദിക്കുന്ന 2500 രൂപയും പൂർണ്ണമായും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയല്ല ചെയ്യുന്നത്. തുകയിൽ നിന്നും 1000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ, ബാക്കി വരുന്ന 1500 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് അഥവാ ആവർത്തിത നിക്ഷേപമായി (എഫ്ഡി/ആർഡി) മാറ്റുകയാണ് ചെയ്യുന്നത്.
ഈ നിക്ഷേപത്തിന് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലാവധിയാണുണ്ടാവുക. നിക്ഷേപ കാലാവധി പൂർത്തിയായാൽ മാത്രമേ ഈ തുക പിൻവലിക്കാൻ സാധിക്കൂ.
ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പദ്ധതിയുടെ റജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 28ഓടെ ആദ്യ ഗഡുവായ 2500 രൂപ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സഹായത്തിനൊപ്പം ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുകയാണ് എഫ്ഡി/ആർഡി മാതൃക ഉൾപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.
ആകെ 17 ലക്ഷം വനിതകൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി നടപ്പുവർഷം 5100 കോടി രൂപയാണ് ഡൽഹി സർക്കാർ മാറ്റിവെച്ചിട്ടുള്ളത്. 21നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പദ്ധതിയിൽ ചേരാൻ അർഹതയുള്ളത്.
കൂടാതെ, അപേക്ഷകരുടെ പ്രതിവർഷ കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത് എന്ന കർശന വ്യവസ്ഥയുമുണ്ട്. നിലവിൽ സമാനമായ മറ്റ് ഏതെങ്കിലും പദ്ധതികൾ വഴി സാമ്പത്തിക സഹായം കൈപ്പറ്റുന്നവർക്ക് ‘ലക്ഷ്മി യോജന’യിൽ അംഗമാകാൻ അർഹതയില്ല.
ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിൽ ഏതെങ്കിലും തരത്തിലുള്ള സർക്കാർ ജോലിയുള്ളവർ, മൂന്നിലധികം കുട്ടികളുള്ള സ്ത്രീകൾ, സ്വന്തമായി കാർ ഉള്ളവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവരെയും പദ്ധതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ മറ്റൊരു പ്രധാന നിബന്ധനയും കൂടി അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്.
അപേക്ഷകർ അതത് മണ്ഡലങ്ങളിലെ എംഎൽഎയുടെയോ എംപിയുടെയോ ശുപാർശക്കത്ത് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. വിശദമായ പരിശോധനകളും കർശനമായ വെരിഫിക്കേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷമാകും അന്തിമമായി യോഗ്യരായവരെ തിരഞ്ഞെടുക്കുക.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ പദ്ധതി. അതേസമയം, പദ്ധതിയിലെ മൂന്ന് കുട്ടികൾ എന്ന വ്യവസ്ഥയെ ചോദ്യചെയ്ത് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ഹിന്ദുക്കൾക്ക് മൂന്നിലധികം കുട്ടികൾ വേണമെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിന്റെ ആഹ്വാനത്തിന് വിരുദ്ധമല്ലേ ഡൽഹി സർക്കാരിന്റെ ഈ നയമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ, സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് മൂന്ന് കുട്ടികൾ എന്ന വ്യവസ്ഥ ഡൽഹി ലക്ഷ്മി യോജനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് രേഖ ഗുപ്ത പ്രതികരിച്ചു.
താനോ മോഹൻ ഭഗവതോ ആവശ്യപ്പെട്ടതുകൊണ്ട് ഒരു കുടുംബവും കുട്ടികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കില്ലെന്നും, അതെല്ലാം തികച്ചും അതത് കുടുംബങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

