സൗദി അറേബ്യയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പുതിയ പാക്കേജ് വിസ സംവിധാനം അവതരിപ്പിച്ചു. വിസ അപേക്ഷ, വിമാന ടിക്കറ്റ് ബുക്കിംഗ്, താമസ സൗകര്യങ്ങൾ എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് ഈ പുതിയ സംവിധാനം.
ഇതോടെ യാത്രക്കാർക്ക് വിവിധ സേവനങ്ങൾക്കായി വ്യത്യസ്ത ഇടങ്ങളിൽ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. നിലവിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
അംഗീകൃത യാത്രാ-വിനോദസഞ്ചാര സേവനദാതാക്കൾ വഴിയാണ് ഈ പാക്കേജ് ബുക്ക് ചെയ്യേണ്ടത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
2025-ൽ 2.9 കോടി വിദേശ സന്ദർശകർ സൗദി അറേബ്യയിൽ എത്തിയ സാഹചര്യത്തിൽ, ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ ഡിജിറ്റൽ പരിഷ്കാരം. ഈ പദ്ധതിയെക്കുറിച്ച് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “സൗദിയിലേക്കുള്ള യാത്ര സന്ദർശകർക്ക് കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിസ അനുവദിക്കൽ യാത്രാ ബുക്കിങ്ങുമായി ബന്ധിപ്പിക്കുന്നതിലൂടെ സന്ദർശകരുടെ യാത്രാ നടപടികൾ എളുപ്പമാകുമെന്നും, ടൂറിസം മേഖലയിലെ വിവിധ സേവനങ്ങളെ കൂടുതൽ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.” യാത്രക്കാർക്ക് വിമാന ടിക്കറ്റും താമസവും വിസയും മാത്രമല്ല, സൗദിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഈ പാക്കേജിലൂടെ സൗകര്യമൊരുക്കുന്നുണ്ട്. യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ സൗദിയിൽ എത്തുന്നതുവരെയുള്ള എല്ലാ നടപടികളും ലളിതവും സുതാര്യവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ സംവിധാനമുള്ള അംഗീകൃത ഏജൻസികൾക്ക് മാത്രമാണ് ഈ പാക്കേജ് വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ഇ-വിസ, ഓൺ-അറൈവൽ വിസ, ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പുറമെയാണ് പാക്കേജ് വിസ സംവിധാനം കൂടി പ്രാബല്യത്തിൽ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

