വിൽപനയ്ക്കായി നഗരത്തിൽ എത്തിച്ച നിരോധിത ലഹരിമരുന്നുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1.048 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് യാസിൻ (34), ഉമ്മളത്തൂർ സ്വദേശി അബ്ദുൾ മുനീർ (27) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് കല്ലായി റോഡിലുള്ള ഒരു ലോഡ്ജിൽ വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ചപ്പോഴാണ് ഇവർ പൊലീസിന്റെ വലയിലായത്.
നഗരത്തിലെ പാളയം ബസ് സ്റ്റാൻഡ് പരിസരത്ത് യുവാക്കൾക്കും വിദ്യാർഥികൾക്കും ലക്ഷദ്വീപ് ഭാഗത്തുനിന്നെത്തിയ ഒരാൾ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതികൾ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് ലഹരി വിൽപനക്കാരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും കസബ പൊലീസ് അറിയിച്ചു.
ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്. അന്വേഷണ സംഘത്തിൽ കസബ സബ് ഇൻസ്പെക്ടർ സി.ഷൈജു, എഎസ്ഐമാരായ പി.സജേഷ് കുമാർ, വി.ഷൈജു, എൻ.രജീഷ്, എസ്സിപിഒമാരായ കെ.ഷിജിത്ത്, പി.ദീപു, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത് എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

