സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയ വിവരം എ കെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും സ്ഥിരീകരിച്ചു. ഹൈക്കമാൻഡ് നടത്തിയ ചർച്ചകളിൽ ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ ആന്റണിയുടെ അഭിപ്രായം ഹൈക്കമാൻഡ് തേടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. പൊതുസാഹചര്യം മാത്രമാണ് ഹൈക്കമാൻഡിനെ അറിയിച്ചതെന്നും ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന നിലപാടാണ് തങ്ങൾ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ രാഹുൽ ഗാന്ധി വിളിച്ചതായും വിവരമുണ്ട്.
കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു വന്നിട്ടുണ്ട്. നാളെയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ഈ മന്ദതയ്ക്കെതിരെ ഘടകക്ഷികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ അതൃപ്തി ശക്തമാണ്.
അതേസമയം, കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഖാർഗെയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ഇതിനിടെ, രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

