കാസർകോട്∙ വാണിജ്യ വിഭാഗം സിലിണ്ടർ വിതരണം നിർത്തിവച്ചതോടെ ജില്ലയിൽ ജില്ലാ പഞ്ചായത്ത് കുടുംബശ്രീ പ്രീമിയം കന്റീൻ അടച്ചു. ചെങ്കള പഞ്ചായത്തിൽ നെല്ലിക്കട്ട, നാരംപാടി ഭാഗങ്ങളിലായി 10 ഹോട്ടലും കാസർകോട് നുള്ളിപ്പാടിയിലെ ഒരു ഹോട്ടലും അടച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പല ഹോട്ടലുകളും അടച്ചിടലിന്റെ വക്കിലാണ്. നിലവിൽ ഉപയോഗിക്കുന്ന പാചകവാതകം തീർന്നാൽ ജില്ലാ പഞ്ചായത്തിന്റെ നോൺ പ്രീമിയം കന്റീനു കൂടി താഴ് വീഴും.
ജില്ലാ പഞ്ചായത്ത് കുടുംബശ്രീ കന്റീനിൽ പ്രതിമാസം 40 വരെ 19 കിലോഗ്രാം പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്നതാണ്.
ഇരുനൂറോളം പേർക്കുള്ള ഊണ്, ബിരിയാണി, ചായ, പലഹാരങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. 19 കിലോഗ്രാം പാചകവാതക സിലിണ്ടർ വിതരണം റദ്ദായതോടെ കഴിഞ്ഞ രണ്ടു ദിവസം 5 കിലോ പാചകവാതക സിലിണ്ടർ കിട്ടി.
അതു തുടർന്നു കിട്ടിയില്ലെങ്കിൽ നോൺ പ്രീമിയം കന്റീൻ കൂടി അടച്ചിടും. 19 കിലോഗ്രാം പാചക വാതക സിലിണ്ടറിനു 2100 രൂപ ആണ് വില.
5 കിലോഗ്രാം സിലിണ്ടറിന് 500 രൂപ. ആറു വർഷം മുൻപ് തുടങ്ങിയതാണ് നിലവിലുള്ള കന്റീൻ.
ഒരേ കെട്ടിടത്തിൽ തന്നെ മറ്റൊരു ഭാഗത്ത് ഒരു വർഷം മുൻപ് ആണ് പ്രീമിയം കന്റീൻ തുടങ്ങിയത്.
മുടങ്ങുമോ അന്നവും സംരംഭവും?
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെയും സിവിൽ സ്റ്റേഷനിലെയും ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ ആശ്രയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് കന്റീൻ. കഴിഞ്ഞ രണ്ടു ദിവസം വിറക് അടുപ്പ് കൂട്ടി ചോറ് പാകം ചെയ്തു.
30 കിലോഗ്രാം അരിയാണ് പാകം ചെയ്തത്. എന്നാൽ കറിയും മറ്റു വിഭവങ്ങളും ഉൾപ്പെടെ ഒരുക്കുന്നതിന് അടുപ്പ് കൂട്ടാനുള്ള സൗകര്യം ഇവിടെയില്ല.
ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിലും 6 മണിക്കൂർ ഉപയോഗിക്കാമെങ്കിലും ഗ്യാസ്, വിറക് അടുപ്പ് ഉപയോഗം പോലെ വിഭവങ്ങൾ തയാറാക്കാൻ അത് പര്യാപ്തമല്ല.
ആറു പേരിൽ തുടങ്ങി ഇപ്പോൾ 18 വനിതകളും രണ്ടു പുരുഷന്മാർ ഉൾപ്പെടെ ഇരുപത് പേരുടെ സംരംഭമാണ് ഇത്. ജോലി ചെയ്യുന്നതും ഇവർ തന്നെ.
പ്രതിമാസം കെട്ടിട വാടക 20,060 രൂപ നൽകണം.
വൈദ്യുതി, വെള്ളം നിരക്ക് വേറെയും. വൈദ്യുതി, വെള്ളം, പാചക വാതക നിരക്കുകളിലെല്ലാം പല ഘട്ടങ്ങളിലായി വൻ വർധന വന്നതിനു പിന്നാലെയാണ് പാചകവാതകം കിട്ടാത്ത സ്ഥിതിയിൽ അടച്ചിടേണ്ട
നിലയിലേക്ക് എത്തിയത്. വാണിജ്യ വിഭാഗം പാചകവാതക സിലിണ്ടർ വിതരണം പുനരാരംഭിക്കുന്നത് വരെ അടച്ചിട്ടാൽ തന്നെ ആ ദിവസങ്ങളിലെ വൈദ്യുതി, വെള്ളം നിരക്ക്, വാടക തുടങ്ങിയവ നൽകേണ്ടി വരികയെന്നത് വലിയ സാമ്പത്തിക ബാധ്യതയാകും ഈ വനിതാ സംരംഭകർക്ക്.
വിറക് അടുപ്പ്: പുക തടസ്സം
കോവിഡ് കാലത്ത് മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും ഉൾപ്പെടെ ഭക്ഷണം നൽകിയ പെരുമ്പള അന്നപൂർണ കുടുംബശ്രീ കലക്ടറേറ്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്കും മറ്റുമായി ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്ന സ്ഥാപനമാണ്.
ഇന്നലെയും അവിടെ നിന്നുൾപ്പെടെ വിളി വന്നു ഭക്ഷണം എത്തിക്കാൻ. പാചകവാതക സിലിണ്ടർ വിതരണം നിലച്ചതോടെ ഉള്ളത് ഉപയോഗിച്ചു പിടിച്ചു നിർത്താൻ ശ്രമിക്കുകയാണ്.
ഭക്ഷണ വിതരണം പകുതിയായി കുറച്ചു. വിറക് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും വിറക് അടുപ്പിൽ തിളപ്പിച്ച വെള്ളം, വിഭവങ്ങൾ തുടങ്ങിയവ പലരും ഇഷ്ടപ്പെടാത്ത സ്ഥിതിയുണ്ട്.
പുക ഊറുന്ന പരാതിയാണ് പലർക്കും എന്നാണ് കാരണം. മാത്രമല്ല വിറകിനു തീ പിടിപ്പിക്കാനുള്ള സമയം ഉൾപ്പെടെ ഏറെ നേരം വേണ്ടി വരുന്നതും പ്രധാന തടസ്സമാണ്.
വിദ്യാലയങ്ങളിൽ ഉൾപ്പെടെ അധ്യാപകരുടെയും മറ്റും വിരമിക്കൽ പാർട്ടി തുടങ്ങിയവയ്ക്ക് ഭക്ഷണം എത്തിക്കാനുള്ള ബുക്കിങ് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുകയാണ് കുടുംബശ്രീ സംരംഭകരും ഇതര കേറ്ററിങ് ഉടമകളും.
അടച്ചത് 10 ഹോട്ടൽ, മുടങ്ങിയത് നൂറോളം പേരുടെ തൊഴിൽ
∙ ചെങ്കള പഞ്ചായത്തിൽ നെല്ലിക്കട്ട, നാരംപാടിയിലെ 10 ഹോട്ടൽ അടച്ചപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറോളം പേരുടെ തൊഴിലും പ്രതിസന്ധിയിലായി. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നെല്ലിക്കട്ട
യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നൗഫലിന്റെ നാരംപാടിയിലെ ഹോട്ടലിൽ 14 തൊഴിലാളികളും നെല്ലിക്കട്ടയിൽ 25 തൊഴിലാളികളും ആണ് ഉണ്ടായിരുന്നത്. നാരംപാടിയിലെ ഹോട്ടൽ ബുധനാഴ്ച അടച്ചു.
നെല്ലിക്കട്ടയിലെ ഹോട്ടൽ ഇന്നലെ ഉച്ചയോടെ അടച്ചു. അസോസിയേഷൻ സംസ്ഥാന സമിതി അംഗം കെ.ബി.അജേഷിന്റെ നുള്ളിപ്പാടിയിലെ ഹോട്ടൽ ഇന്നലെ ഉച്ചയോടെ അടച്ചു.
പ്രതിസന്ധിയിൽ പഞ്ചനക്ഷത്ര ഹോട്ടലും
വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതോടെ പഞ്ചനക്ഷത്ര ഹോട്ടലുകളും വലിയ പ്രതിസന്ധിയുടെ നിഴലിലാണ്.
അടച്ചിടാൻ കഴിയില്ല. ഉദുമയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ 130 കിലോഗ്രാം പാചകവാതകം ആണ് പ്രതിദിന ഉപയോഗം.
സ്റ്റോക്കുള്ളത് തീർന്നാൽ വൈദ്യുതി ഇന്ധനത്തിലേക്ക് മാറേണ്ടി വരും.
എന്നാൽ വൈദ്യുതി ഉപയോഗം താങ്ങാനാകാത്ത വിലയാണ്. ഇങ്ങനെ വേണ്ടി വന്നാൽ മെനുവിൽ മാറ്റം വരുത്തേണ്ടി വരുന്ന സാഹചര്യവും ഉണ്ട്.
പാത്രത്തിൽ അല്ലാതെ ഗ്യാസ് അടുപ്പിൽ വച്ചു നേരിട്ടു ചുട്ടെടുക്കുന്ന വിഭവങ്ങൾ ഉണ്ട്. അതിനു വൈദ്യുതി അടുപ്പ് പറ്റില്ല.
വാണിജ്യ വാതക സിലിണ്ടർ വിതരണം ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.
തേടിത്തുടങ്ങി, ബദൽ മാർഗങ്ങൾ
ഈർച്ചപ്പൊടി അടുപ്പ്
കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി തന്റെ ഹോട്ടലിൽ ഭാഗികമായി ബദൽ സംവിധാനം ഏർപ്പെടുത്തി. ഈർച്ചപ്പൊടി നിറച്ച ഇരുമ്പു കൂടിൽ അരികിലുള്ള ദ്വാരത്തിൽ ഒന്നോ രണ്ടോ വിറക് കൊള്ളി വച്ച് ഇതിൽ തീ കൊളുത്തും.
നല്ല പോലെ തീ ആളി കത്തും. ഒരു ചാക്ക് ഈർച്ചപ്പൊടി വില 100 രൂപ.
ഇന്നലെ ഇതിൽ 40 കിലോഗ്രാം അരി വേവിച്ചു. മുളക് വറുത്തു.
ചിക്കൻ ചുക്ക തേങ്ങ വറുത്തു. സാമ്പാർ ഒരുക്കി.
രണ്ടു മണിക്കൂറിനുള്ളിൽ ആണ് ഇത് പൂർത്തിയായതെന്നു നാരായണ പൂജാരി പറയുന്നു.
കാറ്റാടി വിറക്
വാണിജ്യ വിഭാഗം പാചക വാതക സിലിണ്ടർ വിതരണം നിർത്തിയതോടെ പെരുമ്പള വീട് കരിച്ചേരി തറവാട് പുനഃപ്രതിഷ്ഠാ ഉത്സവത്തിൽ കരുതലായി വിറക് ഇറക്കി. 27 മുതൽ 31 വരെ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ മുൻകരുതലായി 10 ക്വിന്റൽ കാറ്റാടി വിറക് ആണ് ഇറക്കിയത്.
കിലോഗ്രാമിന് വില 12 രൂപ.
സാധനങ്ങളുടെ വിലയും വൈദ്യുതി നിരക്കും കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഹോട്ടൽ വ്യാപാരം നടത്താൻ കഴിയാതെ മുന്നോട്ടു പോകുന്നതിനിടെയാണ് ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയിൽ പാചക വാതക സിലിണ്ടർ വിതരണം റദ്ദാക്കിയത്.
ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ഹോട്ടൽ ഉടമകളും തൊഴിലാളികളും വഴിയാധാരം ആകുന്ന സ്ഥിതിയാകും. ഹോട്ടൽ ഉടമകൾ ബദൽ മാർഗങ്ങൾ നടപ്പിലാക്കണം.
ഇതിനു സർക്കാർ തലത്തിൽ അധികൃതർ നേരിട്ട് ഇടപെട്ട് ആവശ്യമായ സഹായം നൽകണം.
നാരായണ പൂജാരി, സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സ്വകാര്യ പാചകവാതകത്തിനു പൊള്ളുംവില
വാണിജ്യ വാതകം വിതരണം റദ്ദാക്കിയതോടെ സ്വകാര്യ പാചക വാതകത്തിനു വില കുതിച്ചുകയറി. സിലിണ്ടർ വിതരണം പകുതിയായി കുറഞ്ഞു.
മംഗളൂരു, ഉഡുപ്പി, പുത്തൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്ലാന്റിൽ നിന്നാണ് ഇതിന്റെ വരവ്. ജില്ലയിൽ അയ്യായിരത്തോളം സിലിണ്ടർ എത്തിയിരുന്നത് പകുതിയായി കുറഞ്ഞു.
17 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ 2600 രൂപയാണ് ഈടാക്കിയത്. സ്വകാര്യ പ്ലാന്റുകളിൽ പാചകവാതക ഉൽപാദനത്തിന് കമേഴ്സ്യൽ വാതകം കിട്ടാത്തതാണു കാരണമായി പറയുന്നത്.
വാണിജ്യ സിലിണ്ടർ വിതരണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്.
വീടുകളിലേക്കുള്ള വിതരണത്തിനു മുടക്കമില്ല. അത് തുടർന്നും നടത്തുന്നതിനുള്ള ലോഡ് വന്നു കൊണ്ടിരിക്കുന്നു.
ആശുപത്രികൾ തുടങ്ങി അവശ്യ സേവന സ്ഥാപനങ്ങളിൽ ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ പട്ടിക നൽകിയിട്ടുണ്ട്. ഇത് കിട്ടിയാൽ മുൻഗണന അടിസ്ഥാനത്തിൽ വിതരണം ചെയ്യും
സന്ദീപ് ഭട്ട്, മാരുതി ഗ്യാസ് ഏജൻസീസ്
ബാങ്ക് വായ്പയെടുത്തു വീട് പണി ചെയ്യുന്നതിനിടെയാണ് ഉള്ള ഉപജീവന മാർഗം പോലും അടച്ചിടേണ്ടിവന്നത്.
കൊള്ളവില കൊടുത്ത് സ്വകാര്യ പാചക വാതക സിലിണ്ടർ വാങ്ങാൻ കഴിയില്ല. ഇന്നലെ ഉച്ച വരെ പിടിച്ചുനിന്നു. നുള്ളിപ്പാടിയിൽ 25 വർഷമായി നടത്തുന്ന ഹോട്ടൽ ആണ് അടച്ചിട്ടത്.
വാണിജ്യ പാചക വാതക സിലിണ്ടർ അഞ്ചു ദിവസമായി എത്തിയില്ലെന്നാണു പറയുന്നത്. ആഴ്ചയിൽ 19 കിലോഗ്രാമിന്റെ 3 സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്.
ഹോട്ടൽ അടച്ചതോടെ 6 തൊഴിലാളികൾക്കുള്ള ഉപജീവനവും വലിയ പ്രതിസന്ധിയിലായി.
കെ.ബി.അജേഷ്, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം
സർക്കാർ പറയുന്നു പാചകവാതകത്തിന് ഒരു ക്ഷാമവും ഇല്ലെന്ന്. സ്വകാര്യ ഏജൻസിയിൽ സിലിണ്ടർ കിട്ടാനുണ്ട്.
1800 രൂപയ്ക്കു കിട്ടിയിരുന്ന സിലിണ്ടറിന് ഇന്നലെ വില 2600 ആയിരുന്നു. ഒറ്റയടിക്ക് 800 രൂപയാണ് കൂടിയത്.
ബിരിയാണിയും ചോറും മറ്റു പലഹാരങ്ങളും ഉൾപ്പെടെ ഉണ്ടാക്കിയിരുന്ന തന്റെ രണ്ടു ഹോട്ടലിലും ഏറ്റവും ഒടുവിൽ പൊറോട്ടയും കറിയും മാത്രമായി ഒതുക്കി. സിലിണ്ടർ തീരുകയും സ്വകാര്യ സിലിണ്ടറിനു തോന്നിയ വില ഈടാക്കിയെന്നു മാത്രമല്ല നാളെ ഇതിന്റെ ഇരട്ടിയാകും എന്ന മുന്നറിയിപ്പ് കൂടി വരുകയും ചെയ്തതോടെയാണ് ഹോട്ടൽ അടച്ചത്.
നാൽപതോളം പേരിൽ പകുതിയോളം ഇതര സംസ്ഥാന തൊഴിലാളികളാണ്. അവർ നാട്ടിൽ പോയാൽ എന്നു മടങ്ങിയെത്തുമെന്ന് പറയാൻ കഴിയില്ല.
അടച്ചിട്ട ഹോട്ടലിലെ തൊഴിലാളികൾ 4 ദിവസത്തെ ചെലവിനുള്ള തുക കൂടി ആവശ്യപ്പെട്ടിട്ടുമുണ്ട്.
മുഹമ്മദ് നൗഫൽ, സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നെല്ലിക്കട്ട
യൂണിറ്റ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

