ഭക്ഷണത്തിനു ശേഷമുള്ള ബാക്കി തുക ഉപഭോക്താവിന്റെ അനുവാദമില്ലാതെ ജീവനക്കാരൻ സ്വന്തമാക്കിയ സംഭവം വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സേവനത്തിന്റെ പേരിൽ നിർബന്ധിതമായി ടിപ്പ് ഈടാക്കുന്ന പ്രവണതയ്ക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നത്.
ഒരു കൂട്ടം സുഹൃത്തുക്കൾ ത്രീ-സ്റ്റാർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. ആകെ ബിൽ തുക 920 രൂപയായിരുന്നു.
ബിൽ തുകയ്ക്കായി 1,000 രൂപയുടെ കറൻസി നോട്ട് നൽകിയെങ്കിലും, ബാക്കി ചില്ലറ തുക തിരികെ നൽകാൻ വെയിറ്റർ തയ്യാറായില്ല. പകരം ഈ തുക അദ്ദേഹം സ്വന്തം പോക്കറ്റിലാക്കുകയാണുണ്ടായത്.
ബാക്കി തുക തിരികെ ആവശ്യപ്പെട്ടപ്പോൾ, ആ തുക താൻ ‘ടിപ്പ്’ ആയി എടുത്തതാണെന്നായിരുന്നു വെയിറ്ററുടെ മറുപടി. ഇതു ചോദ്യം ചെയ്ത ഉപഭോക്താവിനോട് വെയിറ്ററും ഹോട്ടൽ മാനേജരും ചേർന്ന് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
റെസ്റ്റോറന്റിൽ എത്തുന്ന ഉപഭോക്താക്കൾ ജീവനക്കാരുടെ സേവനത്തിന് ടിപ്പ് നൽകാൻ ബാധ്യസ്ഥരാണെന്ന വിചിത്ര വാദമാണ് ഇവർ ഉന്നയിച്ചത്. തുടർന്ന് ഉപഭോക്താവ് തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുകയായിരുന്നു.
“സേവനം തൃപ്തികരമാണെന്ന് തോന്നിയാൽ സന്തോഷപൂർവ്വം നൽകേണ്ട ഒന്നാണ് ടിപ്പ്.
അല്ലാതെ അത് നിർബന്ധപൂർവ്വം ഈടാക്കേണ്ട ഒന്നല്ല.
എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്” എന്ന് ഉപഭോക്താവ് വ്യക്തമാക്കി. ഈ അനുഭവം വൈറലായതോടെ വലിയ പിന്തുണയാണ് ഉപഭോക്താവിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
ജീവനക്കാർക്ക് ന്യായമായ ശമ്പളം നൽകാതെ, അതിന്റെ ഭാരം ടിപ്പിലൂടെ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്ന രീതിയാണ് ചില റെസ്റ്റോറന്റുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് നിരവധി പേർ വിമർശിച്ചു. റെസ്റ്റോറന്റുകളിൽ മാത്രമല്ല, വാഹനങ്ങൾ വാങ്ങുമ്പോഴും, ഗാർഹിക ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനെത്തുന്ന ജീവനക്കാരിലും, സർക്കാർ ഓഫീസുകളിൽ പോലും ടിപ്പും അനാവശ്യ പാരിതോഷികങ്ങളും നിർബന്ധമാക്കുന്ന സംസ്കാരം വളർന്നുവരികയാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അനാവശ്യ തർക്കങ്ങളും ചൂഷണങ്ങളും ഒഴിവാക്കാൻ ബിൽ തുക കൗണ്ടറിൽ നേരിട്ടോ യുപിഐ, കാർഡ് തുടങ്ങിയ ഡിജിറ്റൽ മാർഗ്ഗങ്ങൾ വഴിയോ നൽകുന്നതാണ് സുരക്ഷിതമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

