അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നു. കലൂർ സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് സ്പോൺസർ അവകാശപ്പെട്ടതെങ്കിലും ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിന്റെ യഥാർത്ഥ മൂല്യം 8.42 കോടി രൂപ മാത്രമാണ്.
എന്നാൽ സ്പോൺസർ ജിഎസ്ടി റിട്ടേണിൽ കാണിച്ചിട്ടുള്ള മൂല്യം 14.5 കോടി രൂപയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ജിഎസ്ടി വകുപ്പിൽ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് ആകെ 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിട്ടുണ്ട്.
ഗൂഗിൾ, മെറ്റ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിൽനിന്നു ഡോളർ അടിസ്ഥാനത്തിൽ പരസ്യവരുമാനം സ്വീകരിച്ച ബാങ്ക് അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബാങ്കുകൾ വഴി നടന്ന ആകെ ഇടപാട് മൂല്യം 1098.56 കോടി രൂപയാണ്.
ഇതിൽ വിദേശത്തുനിന്നുള്ള സഹായങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴി എത്തിയ 549.22 കോടി രൂപയിൽ വായ്പത്തുകയായ 212.75 കോടി രൂപ ഒഴികെയുള്ള 336.47 കോടി രൂപയിൽ, ജിഎസ്ടി റിട്ടേണിൽ വെളിപ്പെടുത്തിയത് 102.06 കോടി രൂപ മാത്രമാണ്.
ബാക്കി വരുന്ന 234.31 കോടി രൂപയ്ക്കാണ് യാതൊരുവിധ കണക്കുകളുമില്ലാത്തത്. ഈ സാമ്പത്തിക ഇടപാടുകളിൽ വൻതോതിലുള്ള നികുതിച്ചോർച്ച നടന്നിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാർ പ്രതിസന്ധിയിലായ 2025 ഒക്ടോബർ 8ന് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ വി. സുനിൽകുമാർ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.
ഫുട്ബോൾ മത്സരം പൂർത്തിയാകുന്നതുവരെ അന്വേഷണ നടപടികൾ നിർത്തിവയ്ക്കാനാണ് ഇന്റലിജൻസ് ഓഫിസറോട് ആവശ്യപ്പെട്ടത്. ഇത് ഈ കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

