നവംബറിൽ നടക്കുന്ന യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമം പൊളിക്കാൻ ഇറാൻ. തിരഞ്ഞെടുപ്പ് വരെ യുദ്ധം നീട്ടാനും അതുവഴി യുഎസിന്റെ യുദ്ധച്ചെലവ് ഉയർത്താനുമാണ് ഇറാന്റെ നീക്കം.
ഇതു ട്രംപിനെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്നും ഇറാൻ കണക്കുകൂട്ടുന്നു. ഇതിനിടയിൽ, ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്ത്യ വേദിയാകുന്ന ‘ബ്രിക്സ്’ ഉച്ചകോതിയിലേക്ക് തിരിയുകയാണ്.
ട്രംപിന് ഏറെ വിരോധമുള്ള കൂട്ടായ്മയാണിതെന്നതും ഉച്ചകോടിയുടെ പ്രാധാന്യം ഉയർത്തുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഉച്ചകോടിക്കായി ഇന്ത്യയിലെത്തിക്കഴിഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് നാളെയെത്തും. ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനും വരുന്നുണ്ട്.
ഇറാൻ യുദ്ധം, യുക്രെയ്ൻ യുദ്ധം, ട്രംപിന്റെ വ്യാപാരത്തീരുവ നയങ്ങൾ, ഡോളറിനെ ഒഴിവാക്കിയുള്ള ബ്രിക്സ് വ്യാപാര ഇടപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. മോദി-ഷി, മോദി-പുട്ടിൻ കൂടിക്കാഴ്ചകളും നടക്കും.
ഇതെല്ലാം ട്രംപിനെ അലോസരപ്പെടുത്തിയേക്കും. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് ബ്രിക്സ് അംഗരാജ്യങ്ങളെന്നതും ശ്രദ്ധേയമാണ്.
ശക്തി ക്ഷയിച്ചെന്ന് ട്രംപ്; ആക്രമണം കടുപ്പിച്ച് ഇറാൻ
ഇറാന്റെ ശക്തി ക്ഷയിച്ചെന്നും അവർക്കിനി അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാൽ, ഏതുവിധേനയും പിടിച്ചുനിന്ന് ട്രംപിനെ വെട്ടിലാക്കാനുള്ള തന്ത്രം പയറ്റുകയാണ് ഇറാൻ.
യുദ്ധം ജോർദാനിലേക്കും ചെങ്കടലിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും നീട്ടിയതിന്റെ ഉദ്ദേശ്യവുമിതാണെന്ന് നിരീക്ഷകർ പറയുന്നു. ഇനി ഇറാൻ ഒരു ചർച്ചയ്ക്കുമില്ലെന്നും സമാധാനക്കരാർ വേണമെങ്കിൽ യുഎസ് മുന്നോട്ടുവരട്ടെയെന്നുമാണ് ഇറാന്റെ സുപ്രീം നാഷനൽ കൗൺസിൽ തലവൻ മൊഹ്സിൻ റെസായ് പറഞ്ഞത്.
യുദ്ധം നിർത്തണമെങ്കിൽ ആദ്യം ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച 24 ബില്യൻ ഡോളർ വിട്ടുകിട്ടണമെന്നും ഐആർജിസി വക്താവ് ഹുസൈൻ മൊഹേബിയും പറഞ്ഞു. തീപിടിച്ച് എണ്ണ 110ലേക്ക്
ജോർദാനിലും ചെങ്കടലിലും യെമനിലും ഹോർമുസിലും ഉൾപ്പെടെ പശ്ചിമേഷ്യയിലെങ്ങും ആശാന്തി പടർന്നതോടെ ക്രൂഡോയിൽ വില തീപിടിച്ചുയരുകയാണ്.
ഇന്നലെ സെഞ്ചറി കടന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ ഒറ്റയടിക്ക് 6.34% മുന്നേറി 107.6 ഡോളറിൽ എത്തി. ഒരുവേള 109 തൊടുകയും ചെയ്തു.
യുഎസ് ക്രൂഡ് വില 100 ഡോളർ ഭേദിച്ചു. 1.44% ഉയർന്ന് ഇപ്പോഴുള്ളത് 104 ഡോളറിൽ.
2027ഓടെ ക്രൂഡ് ഡിമാൻഡ് 6 മടങ്ങ് കൂടുമെന്നാണ് ഒപെക് പറയുന്നത്. ഉൽപാദനവും വിതരണവും താറുമാറായി നിൽക്കേ ഡിമാൻഡ് കൂടുന്നതും വിലക്കുതിപ്പിന് വഴിവയ്ക്കും.
ഇന്ത്യയ്ക്ക് ആഘാതം:
ഉപഭോഗത്തിന്റെ 88-90% എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില വർധന കനത്ത ആഘാതമാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി വിലകൾ കുറയുന്നതിന് പകരം കൂടാനുള്ള സാധ്യതയാണ് ഒരുങ്ങുന്നതും.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ പെട്രോൾ ലീറ്ററിന് 5 രൂപയും ഡീസൽ ലീറ്ററിന് 23 രൂപയും നഷ്ടം ഇപ്പോഴേ നേരിടുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യക്കാർക്ക് ഇരുട്ടടിയാകും.
ഗൾഫ് എണ്ണ തുലാസിൽ:
ഹോർമുസിന് പുറമേ ചെങ്കടലും യുദ്ധക്കളമായതാണ് എണ്ണവില കത്തിക്കയറാൻ കാരണം. ഹോർമുസിന് പുറത്തുള്ള സുപ്രധാന എണ്ണകയറ്റുമതി, വിതരണ കേന്ദ്രങ്ങളുള്ളത് ചെങ്കടൽ തീരത്താണ്.
യുഎഇയിൽ ഫുജൈറ തുറമുഖത്തേക്ക് ഇവിടെനിന്ന് എണ്ണ പൈപ്പ്ലൈനുണ്ട്. ഇറാഖിൽ നിന്ന് തുർക്കിയിലേക്കും മെഡിറ്ററേനിയൻ തീരത്തേക്കും എണ്ണ പോകുന്ന പൈപ്പ്ലൈനും ഈ ഭാഗത്താണ്.
സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്കുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും ഇവിടെയാണ്. ഇനി ‘പലിശഭൂത’ത്തിന്റെ സമയം
ക്രൂഡോയിൽ വില വീണ്ടും പിടിവിട്ടുയർന്നതോടെ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തയാഴ്ച പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയേറി.
രണ്ടാഴ്ച മുൻപുവരെ പലിശനിരക്ക് കൂടാനുള്ള സാധ്യത 50 ശതമാനത്തിൽ താഴെയായിരുന്നത് ഇപ്പോൾ 70 ശതമാനത്തിലെത്തി. യുഎസിൽ പണപ്പെരുപ്പം കൂടുന്നതും തിരിച്ചടിയാണ്.
* പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ശക്തമായതോടെ യുഎസ് ഡോളർ ഇൻഡക്സ് 0.28% കുതിച്ച് 99.09ൽ എത്തി.
* 10-വർഷ യുഎസ് ട്രഷറി യീൽഡ് (ബോണ്ട് യീൽഡ്) 0.09% ഉയർന്ന് 4.97 ശതമാനമായി. 2023 നവംബറിന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.
30-വർഷ ട്രഷറി യീൽഡ് 4.5% കടന്നു; 2007ന് ശേഷമുള്ള ഏറ്റവും ഉയരം. ആഗോളതലത്തിലും ബോണ്ട് യീൽഡുകൾ കുതിക്കുന്നു.
തകർച്ചപ്പേടിയിൽ ഓഹരി
എണ്ണവില കൂടുകയും പണപ്പെരുപ്പ, പലിശഭാരപ്പേടികൾ കനക്കുകയും ചെയ്തതോടെ യുഎസ് ഓഹരികൾ ഇന്നലെ കൂപ്പുകുത്തി. ഡൗ ജോൺസ് 316 പോയിന്റ് (-0.6%) വീണു.
എസ് ആൻഡ് പി500 സൂചിക 0.58%, നാസ്ഡാക് കോംപസിറ്റ് 0.65% എന്നിങ്ങനെയും ഇടിഞ്ഞു. യുദ്ധം തുടങ്ങിയ ഫെബ്രുവരി അവസാനം മുതൽ ഇതുവരെ എണ്ണവിലയിലുണ്ടായ വർധന 53 ശതമാനത്തിലധികമാണ്.
2026ൽ ഇതുവരെ 79 ശതമാനവും ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഓഹരി സൂചികകളും 0.7% വരെ ഇടിഞ്ഞിട്ടുണ്ട്.
ഇത് ഏഷ്യൻ, ഇന്ത്യൻ വിപണികൾക്കും തിരിച്ചടിയാണ്. പിക്ആക്സിലെ ‘കളി’ വേണ്ടെന്ന് ട്രംപ്
ഇറാന്റെ ആണവ പ്രവൃത്തികൾ നടക്കുന്ന പിക്ആക്സ് മലനിരകളെ ഉന്നമിട്ട് ട്രംപ് വീണ്ടും രംഗത്തെത്തി.
‘‘പിക്ആക്സിൽ എന്തൊക്കെയോ നടക്കുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ആ വികൃതി വേണ്ടെന്ന് ഇറാനോട് ഞാൻ ആവശ്യപ്പെടുകയാണ്.
അല്ലാത്തപക്ഷം നിങ്ങളെ അതിമാരകമായി ആക്രമിക്കേണ്ടിവരും’’ – ട്രംപ് പറഞ്ഞു. കഴിഞ്ഞവർഷം ഇസ്രയേലും യുഎസും ചേർന്ന് തരിപ്പണമാക്കിയ നാതൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് അടുത്താണ് പിക്ആക്സ് മലനിരകൾ.
പിക്ആക്സും ബോംബിട്ട് തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂപ്പുകുത്തി സ്വർണവില
പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ ഉയരുമെന്ന പേടിയും ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും കുതിപ്പും സ്വർണവിലയെ തകർച്ചയിലാക്കി.
രാജ്യാന്തര സ്വർണവില 100 ഡോളർ ഇടിഞ്ഞ് 4314 ഡോളറിലാണ് രാവിലെയുള്ളത്. ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിൽ ഇന്നു രാവിലെ പവന് 1500 രൂപയിൽ കുറയാത്ത ഇടിവുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

