ബോവിക്കാനം ∙ കാട്ടാനശല്യം ഒഴിഞ്ഞെന്ന ആശ്വാസത്തിനിടയിൽ കർഷകർക്ക് ആശങ്കയായി കാട്ടുപോത്തുകൾ. കാട്ടാനകൾ രണ്ട് പതിറ്റാണ്ടോളം താണ്ഡവമാടിയ കൃഷിയിടങ്ങളിൽ ഇപ്പോൾ വിഹരിക്കുന്നത് കാട്ടുപോത്തുകളാണ്. ഒറ്റയ്ക്കും കൂട്ടങ്ങളായും ഇറങ്ങുന്ന കാട്ടുപോത്തുകൾ നശിപ്പിക്കുന്ന കൃഷിക്ക് കയ്യും കണക്കുമില്ല. സോളർ തൂക്കുവേലി കെട്ടി കാട്ടാനകൾക്ക് പ്രതിരോധമൊരുക്കിയെങ്കിലും എണ്ണം െപരുകിയ കാട്ടുപോത്തുകളെ എങ്ങനെ തടയുമെന്ന കാര്യത്തിൽ വനംവകുപ്പിന് പോലും ഒരു നിശ്ചയവുമില്ല.
ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിൽ പകൽ സമയങ്ങളിൽ പോലും കാട്ടുപോത്തുകളെ കാണാം.
ആദ്യമൊക്കെ ആളുകളുടെ ശബ്ദം കേട്ടാൽ ഇവ ഓടിപ്പോയിരുന്നെങ്കിലും ഇപ്പോൾ ഒരു പേടിയുമില്ലാതെ, വയർ നിറഞ്ഞാൽ മാത്രമേ പോകാറുള്ളൂ. കമുകിൻ തൈകൾ, വാഴ, നെല്ല്, പച്ചക്കറികൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന തീറ്റ. രണ്ടും മൂന്നും വർഷമായ കമുകിൻ തൈകൾ വരെ ഇവ നശിപ്പിക്കുന്നു.
ഇല തിന്നുമ്പോൾ വേരിളകി പിന്നീട് തൈകൾ ഉണങ്ങി നശിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം പാണ്ടി പള്ളത്തുപാറയിലെ ഗോപാല നായ്ക്കിന്റെ ഒരു വർഷം പ്രായമായ മുന്നൂറോളം കമുകിൻ തൈകളാണ് ഇവ നശിപ്പിച്ചത്.
തുടർച്ചയായി ഇല തിന്നുമ്പോൾ തൈകളുടെ വളർച്ചയും മുരടിക്കുന്നു.
നേരത്തെ പന്നികളെ മാത്രം ശ്രദ്ധിച്ചാൽ മതിയെങ്കിൽ ഇപ്പോൾ കാട്ടുപോത്തുകളും നെൽ കർഷകർക്ക് വില്ലനാണ്. കണ്ണ് തെറ്റിയാൽ നെൽപാടം ഇവ നാമാവശേഷമാക്കും. ബെള്ളൂർ കുളത്തിലപ്പാറയിൽ കാട്ടുപോത്ത് ശല്യം കാരണം നെൽക്കൃഷി ഉപേക്ഷിച്ച കർഷകരുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിലാണ് ജില്ലയിൽ കാട്ടുപോത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഇപ്പോൾ രൂക്ഷമായി. എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തു.
കൃഷിയിടങ്ങളുടെ അതിർത്തിയിൽ മുഴുവൻ സോളർ വേലി നിർമിച്ചാൽ മാത്രമേ ഇവയെ തടയാൻ സാധിക്കൂ. എന്നാൽ അതിനുള്ള ഫണ്ട് ലഭ്യമല്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ് വനംവകുപ്പ്.
റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തുകൾ വാഹനങ്ങളിലിടിക്കുന്നത് അപകടങ്ങളുമുണ്ടാക്കുന്നുണ്ട്.
കാട്ടുപോത്തുകളുടെ ശല്യം വർധിച്ചത് ക്ഷീരകർഷകർക്കും തിരിച്ചടിയായി. നട്ടുവളർത്തിയ പുല്ലുകൾ പോലും രാത്രി കാട്ടുപോത്തുകൾ എത്തി തിന്നുതീർക്കുന്നു.
പാടങ്ങളിലെ പുല്ലുകളും ബാക്കി വയ്ക്കുന്നില്ല. ഇതുമൂലം പശുക്കൾക്ക് പുല്ല് ലഭിക്കാതെ കർഷകർ വലയുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

