നെയ്തുകൂട്ടിയ ആഗ്രഹങ്ങൾക്കു മേലെ അതിതീവ്രമഴ പെയ്തിറങ്ങിയപ്പോൾ എൻ.നയനയുടെ വിവാഹസാരി നനഞ്ഞു കുതിർന്നു. ഒരാൾ പൊക്കത്തിൽ വെള്ളം കയറിയ വീടിനുള്ളിൽ സാരി ഉൾപ്പെടെ നാലു ദിവസം ഒഴുകി നീങ്ങി.
വായ്പയെടുത്ത തുകകൊണ്ടു ആഗ്രഹിച്ചു വാങ്ങിയ സാരി ഡ്രൈ ക്ലീൻ ചെയ്ത് ഉപയോഗിക്കാനാണു ശ്രമം. അല്ലെങ്കിൽ അതും മറ്റൊരു സാമ്പത്തിക ബാധ്യതയാകും.
തിരുവല്ല തിരുമൂലപുരം അടമ്പടത്ത് മുല്ലപ്പറമ്പിൽ എം.എസ്. നളന്റെയും രശ്മിയുടെയും മകളാണു നയന.
31നാണു വിവാഹം. വിവാഹത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നതിനിടെയാണു മണിമലയാർ കവിഞ്ഞ് മഴയും വെള്ളപ്പൊക്കവുമെത്തിയത്.
ഇപ്പോഴും വീടിനു ചുറ്റും ഒരടിയിലേറെ ഉയരത്തിൽ വെള്ളമുണ്ട്. കറ്റോടിനു സമീപം താമസിച്ചിരുന്ന നളനും കുടുംബവും ഒരു വർഷം മുൻപാണു വായ്പയെടുത്തു തിരുമൂലപുരത്തു വീടു നിർമിച്ചു താമസമാക്കിയത്.
തുടർന്നുള്ള ആദ്യ മഴക്കാലത്തു തന്നെ വീടിനുള്ളിലേക്കു വെള്ളമെത്തി. രണ്ടിനു പുലർച്ചെ അഞ്ചിനാണു വെള്ളം ഇരച്ചെത്തിയത്.
വെള്ളം പൊങ്ങുന്നതു കണ്ടു രശ്മിയുടെ വീട്ടിലേക്കു പോയപ്പോൾ അത്യാവശ്യ സാധനങ്ങൾ മാത്രമാണ് എടുക്കാനായത്. കട്ടിലുകൾ ഉൾപ്പെടെ മുങ്ങി നശിച്ചു.
വസ്ത്രങ്ങളും അലമാരയും ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. വീടിന്റെ ഒരു മൂല അൽപം താഴുകയും ചെയ്തു.
ഭവനവായ്പയിൽ 5 ലക്ഷത്തിലേറെ രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. ഇതിനു പുറമേ നയന സ്വകാര്യ സ്ഥാപനത്തിൽ നിന്നു വായ്പയെടുത്താണു വിവാഹച്ചെലവിനുള്ള തുക കണ്ടെത്തിയത്.
ഈ തുക ഉപയോഗിച്ചാണു സാരി വാങ്ങിയത്. വീട്ടുപകരണങ്ങൾ നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണു കുടുംബം.
ഞായറാഴ്ചയായിരുന്നു നയനയുടെയും കവിയൂർ കൂമൻപാറയിൽ ജെ.ഗോകുലിന്റെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിനു വധു പോകേണ്ടതില്ലാത്തതിനാൽ ഇന്നലെയും നയന ജോലിക്കു പോയി.
വിവാഹ നിശ്ചയ ചടങ്ങുകൾക്കു പിന്നാലെ വീട്ടിലെത്തി ശുചീകരണം ആരംഭിക്കുകയായിരുന്നു. തിരുവല്ലയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു ജോലി.
പിതാവ് ഓട്ടോ ഡ്രൈവറാണ്. ബിരുദ വിദ്യാർഥിയായ നന്ദനയാണു സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

