പുരുഷന്മാർ മാത്രം അടക്കിവാണിരുന്ന ഫോട്ടോ ജേണലിസം രംഗത്തേക്ക് യാതൊരുവിധ മുൻപരിചയവുമില്ലാതെ കടന്നുവന്ന് ചരിത്രത്തിൽ ഇടംനേടിയ മലയാളിയാണ് സരസ്വതി ചക്രവർത്തി. ഔദ്യോഗിക ഫൊട്ടോഗ്രഫി പരിശീലനമോ സ്വന്തമായി ഒരു ക്യാമറയോ ഇല്ലാതിരുന്ന കാലത്താണ്, ഒരു മലയാളം പത്രത്തിന്റെ ഡൽഹി ബ്യൂറോ ഓഫിസിൽ നേരിട്ടെത്തി തനിക്ക് ഫോട്ടോ എടുക്കാൻ അവസരം നൽകണമെന്ന് അവർ ആവശ്യപ്പെടുന്നത്.
അങ്ങനെ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റായി സരസ്വതി മാറുകയായിരുന്നു. ഹോമൈ വ്യാരരാവാലയാണ് രാജ്യത്തെ ആദ്യ വനിതാ പ്രസ് ഫൊട്ടോഗ്രഫർ.
ഡൽഹിയെ കർമ്മഭൂമിയാക്കി മാറ്റിയ സരസ്വതി, സാരി ധരിച്ചുകൊണ്ട് കലാപഭൂമികളിലേക്കും പ്രധാന രാഷ്ട്രീയ വേദികളിലേക്കും പൊതുപരിപാടികളിലേക്കും തന്റെ ക്യാമറയുമായി ഇറങ്ങിപ്പുറപ്പെട്ടു. ചരിത്രപ്രധാനമായ നിരവധി നിമിഷങ്ങളാണ് അവരുടെ ലെൻസിലൂടെ ഒപ്പിയെടുക്കപ്പെട്ടത്.
1982ൽ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആനകൾ അണിനിരന്ന ദൃശ്യം പകർത്തിയത് സരസ്വതിയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. ഈ ചിത്രത്തിന്റെ വിജയമാണ് ഏഷ്യൻ ഗെയിംസിലെ വിവിധ മത്സരങ്ങളുടെ ചിത്രങ്ങൾ പകർത്താനുള്ള സുവർണ്ണാവസരം അവർക്ക് നേടിക്കൊടുത്തത്.
വാടകയ്ക്ക് എടുത്ത രണ്ട് ക്യാമറകളുമായാണ് അവർ മത്സരവേദികളിൽ സജീവമായത്. ഏഷ്യൻ ഗെയിംവേളയിൽ സരസ്വതി പകർത്തിയ 250 ചിത്രങ്ങൾ പ്രമുഖ മലയാളം, തമിഴ് പത്രങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടു.
സംഘർഷഭരിതമായ രംഗങ്ങൾ, വിവിധ കലാപങ്ങൾ, പ്രധാനമന്ത്രിമാരുടേത് ഉൾപ്പെടെയുള്ള ഒട്ടനവധി ഔദ്യോഗിക ചിത്രങ്ങൾ എന്നിവ അവർ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇതിനിടയിൽ പ്രതിഷേധ സമരങ്ങളുടെ ചിത്രം പകർത്തുന്നതിനിടയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും, തുടർന്ന് ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ സ്റ്റെനോ സെക്രട്ടറിയായി ജോലി നോക്കവേ റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയതാണ് സരസ്വതിയുടെ ജീവിതത്തിന്റെ ഗതി മാറ്റിവിട്ടത്. പരേഡിന്റെ ചിത്രം പകർത്താൻ അക്രഡിറ്റേഷൻ നിർബന്ധമാണെന്ന് മനസ്സിലാക്കിയതോടെയാണ് അവർ മാധ്യമ ഓഫിസുകളിൽ കയറിച്ചെന്ന് ചിത്രമെടുക്കാൻ അവസരം തേടിയത്.
ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന വർഗീയ കലാപത്തിനിടെ മരിച്ചവരുടെ മൃതശരീരങ്ങൾ പൊലീസ് ജീപ്പിൽ കയറ്റുന്ന സരസ്വതി ചക്രവർത്തിയുടെ വിഖ്യാതമായ ചിത്രം, സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താചിത്ര പ്രദർശനത്തിൽ ഇടംനേടിയിട്ടുണ്ട്. നിലവിൽ 78 വയസ്സുള്ള സരസ്വതി ഫോട്ടോഗ്രഫി രംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്.
കൊല്ലവുമായി അടുത്ത ജന്മബന്ധമുള്ള വ്യക്തിയാണ് സരസ്വതി ചക്രവർത്തി. അമ്മ രാജമ്മയുടെ തറവാട് ആനന്ദവല്ലീശ്വരത്താണ് സ്ഥിതി ചെയ്യുന്നത്.
അച്ഛൻ രാമസ്വാമി തിരുവനന്തപുരം ചാല സ്വദേശിയാണ്. പത്ര ഫൊട്ടോഗ്രാഫർ ആയിരുന്ന ശങ്കർ ചക്രവർത്തിയാണ് ഭർത്താവ്.
കാനഡയിൽ ഫൊട്ടോഗ്രഫി പരിശീലകനായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യൻ ഇവരുടെ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

