നെടുമ്പാശേരിയിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു. ട്രെയിനുകളിൽ എത്തിക്കുന്ന കഞ്ചാവ് പൊതികൾ ട്രാക്കിനരികിലെ പൊന്തക്കാടുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം പിന്നീട് ശേഖരിക്കുന്ന രീതിയാണ് സംഘം പിന്തുടരുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുറയാർ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാത്രി പുറയാർ ചാന്തേലിപ്പാടം പരിസരത്തായിരുന്നു സംഭവം.
ട്രെയിനിൽ നിന്നെറിഞ്ഞ കഞ്ചാവ് ശേഖരിക്കാനെത്തിയ സംഘം നാട്ടുകാരെ കണ്ടതോടെ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഘം ഉപേക്ഷിച്ചു പോയ 12 കഞ്ചാവു പൊതികൾ നാട്ടുകാർ കണ്ടെത്തുകയും തുടർന്ന് എക്സൈസ് സംഘത്തിന് കൈമാറുകയും ചെയ്തു.
പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 15 കിലോഗ്രാം തൂക്കമുണ്ട്. സംഭവസ്ഥലത്തു നിന്ന് നാട്ടുകാർ പിടികൂടി എക്സൈസിന് കൈമാറിയ രണ്ടു പേരെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും, ഇവർക്ക് കഞ്ചാവ് കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ചെങ്ങമനാട് പഞ്ചായത്തിലെ 13-ാം വാർഡ് പരിധിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സന്ധ്യാസമയത്തിന് ശേഷം ജനവാസം കുറവായതും ആൾസഞ്ചാരമില്ലാത്തതുമായ അന്തരീക്ഷം ലഹരി സംഘങ്ങൾക്ക് സഹായകരമാകുന്നു.
ട്രാക്ക് വഴിയും തുരങ്കപാത, പുറയാർ റെയിൽവേ ഗേറ്റ് എന്നിവയിലൂടെയും വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാമെന്നതും കള്ളക്കടത്തുകാർ ഈ പ്രദേശം തിരഞ്ഞെടുക്കാൻ കാരണമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ദീർഘദൂര ട്രെയിനുകൾ വഴിയാണ് ലഹരി ഉൽപ്പന്നങ്ങൾ എത്തുന്നത്.
പ്രധാന ട്രെയിനുകൾക്കെല്ലാം ആലുവയിൽ സ്റ്റോപ്പ് ഉള്ളത് ഈ മേഖലയിലെ ലഹരിക്കടത്ത് വർദ്ധിക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. രാത്രി സമയങ്ങളിൽ ആലുവ ഭാഗത്തെത്തുന്ന ട്രെയിനുകൾ നെടുവന്നൂർ റെയിൽവേ ഗേറ്റ് പരിസരത്ത് വേഗത കുറയ്ക്കുകയോ നിർത്തിയിടുകയോ ചെയ്യുന്ന സാഹചര്യം ലഹരി സംഘങ്ങൾ കൃത്യമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

