ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യ. ഓരോ മാസവും ആയിരക്കണക്കിന് പുതിയ വാഹനങ്ങളാണ് നമ്മുടെ നിരത്തുകളിൽ എത്തുന്നത്.
ഒരു വാഹനം സ്വന്തമാക്കുമ്പോൾ അതിന്റെ നിറം, ഫീച്ചറുകൾ, മറ്റ് ആക്സസറികൾ എന്നിവയിൽ നമ്മൾ അതീവ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ, വാഹനം വാങ്ങാൻ എടുക്കുന്ന വായ്പയെക്കുറിച്ച് പലരും കൃത്യമായ ധാരണ പുലർത്താറില്ല.
പുതിയ വാഹനമായാലും പഴയതായാലും വായ്പയെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
വായ്പയും പലിശ നിരക്കും
കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന ധാരാളം ധനകാര്യ സ്ഥാപനങ്ങൾ വിപണിയിലുണ്ട്. ക്രെഡിറ്റ് സ്കോർ പ്രധാന മാനദണ്ഡമാണെങ്കിലും, വിശ്വസനീയമായ സ്ഥാപനങ്ങളെ മാത്രം വായ്പയ്ക്കായി സമീപിക്കുക.
പുതിയ കാറുകളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് കാറുകൾക്ക് പലിശ നിരക്ക് അൽപം കൂടുതലായിരിക്കും. വാഹനത്തിന്റെ ആയുസ്സ്, പുനർവിപണി മൂല്യം (Resale Value), പരിപാലന ചിലവുകൾ, തേയ്മാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പഴയ വാഹനങ്ങൾക്ക് വായ്പ അനുവദിക്കുന്നത്.
പുതിയ കാറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ലഭിക്കണമെന്നില്ല. ധനകാര്യ സ്ഥാപനങ്ങളുടെ ജാഗ്രത
പുതിയ കാറുകൾക്ക് എക്സ്-ഷോറൂം വിലയുടെയോ ഓൺറോഡ് വിലയുടെയോ അടിസ്ഥാനത്തിൽ ഉയർന്ന വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ പഴയ വാഹനങ്ങളുടെ കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നു. വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയേക്കാൾ ഉപരിയായി, സ്ഥാപനം നിശ്ചയിക്കുന്ന വാഹനത്തിന്റെ വിപണി മൂല്യവും തേയ്മാനവും കണക്കാക്കിയാകും വായ്പ അനുവദിക്കുക.
രേഖകളുടെ പരിശോധന
പുതിയ കാറുകളുടെ വായ്പാ നടപടികൾ വളരെ ലളിതമാണ്. നിർമാതാക്കളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കാരണം വേഗത്തിൽ വായ്പ ലഭ്യമാകുന്നു.
എന്നാൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ കാര്യത്തിൽ ആർ.സി ബുക്ക് കൈമാറ്റം, ഇൻഷുറൻസ് രേഖകൾ, മുൻ ഉടമസ്ഥാവകാശം, വാഹനത്തിന്റെ പഴക്കം എന്നിവ ധനകാര്യ സ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം വായ്പ ലഭിക്കുന്നതിനും തടസ്സമാകാം.
ഇൻഷുറൻസും പരിപാലനവും
വാഹനം ഏതായാലും ഇൻഷുറൻസ് സുരക്ഷ നിർബന്ധമാണ്. പുതിയ കാറുകൾക്ക് ആദ്യ വർഷങ്ങളിൽ പ്രീമിയം തുക കൂടുതലായിരിക്കുമെങ്കിലും സർവീസ് ചിലവ് കുറവായിരിക്കും.
അതേസമയം, സെക്കൻഡ് ഹാൻഡ് കാറുകൾക്ക് വാറന്റി കാലാവധി അവസാനിച്ചതിനാൽ പാർട്സുകൾ കേടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് അറ്റകുറ്റപ്പണികൾക്കായി കൂടുതൽ പണം ചെലവാക്കാൻ ഇടയാക്കും.
മൂല്യശോഷണവും വിലപേശലും
പുതിയ കാർ ഷോറൂമിൽ നിന്ന് ഇറങ്ങുന്നതോടെ അതിന്റെ വിപണി മൂല്യത്തിൽ വലിയൊരു കുറവ് സംഭവിക്കുന്നു. പഴയ കാറുകളിൽ ഈ ഇടിവ് കുറവാണ്.
സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുമ്പോൾ വിലപേശലിന് അവസരമുണ്ട്. വാഹനത്തിന്റെ അവസ്ഥ, വിൽപനക്കാരന്റെ സാഹചര്യം എന്നിവ നോക്കി വില കുറയ്ക്കാമെങ്കിലും, ധനകാര്യ സ്ഥാപനങ്ങൾ വിലയിരുത്തുന്ന തുകയ്ക്കപ്പുറം വായ്പ ലഭിക്കില്ല എന്ന് ഓർക്കുക.
ചുരുക്കത്തിൽ
പുതിയതും പഴയതുമായ വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിലക്കുറവ് മാത്രം നോക്കരുത്. കുറഞ്ഞ പലിശയും കൂടുതൽ വാറന്റിയും പുതിയ കാറുകളുടെ സവിശേഷതയാണെങ്കിൽ, നഷ്ടസാധ്യത കുറവുള്ള വാഹനങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാൻ സെക്കൻഡ് ഹാൻഡ് വിപണി സഹായിക്കുന്നു.
പ്രതിമാസ തിരിച്ചടവ് (EMI) മാത്രം നോക്കാതെ ഇൻഷുറൻസ്, ഭാവിയിലെ അറ്റകുറ്റപ്പണി ചെലവുകൾ, പലിശ നിരക്ക് എന്നിവയെല്ലാം വിലയിരുത്തിയ ശേഷം മാത്രം അന്തിമ തീരുമാനമെടുക്കുക. എത്ര കാലത്തേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നത് നിങ്ങളുടെ തീരുമാനത്തിൽ പ്രധാന പങ്ക് വഹിക്കണം.
(ഈ ലേഖനത്തിന്റെ രചയിതാവ് ശ്രീറാം ഫിനാൻസ് റീട്ടെയ്ൽ ബിസിനസ് വിഭാഗം ജോയിന്റ് മാനേജിങ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

