തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തി പൊലീസ് സംവിധാനത്തെ വെട്ടിലിലാക്കിയ പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. നെയ്യാറ്റിൻകരയ്ക്ക് സമീപം മാറനല്ലൂർ റസൽപുരം ചരുവിള പുത്തൻ വീട്ടിൽ നിഷാന്ത് (37) ആണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്.
പശു ഫാം നടത്തിവരികയും റസൽപുരം ബെവ്കോ ഔട്ട്ലെറ്റിൽ കയറ്റിറക്കു തൊഴിലാളിയായി ജോലി ചെയ്യുകയും ചെയ്തിരുന്ന ഇയാളെ പ്രതിയായി കണ്ടു നാട്ടുകാരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. 2023 മുതൽ ആര്യങ്കോട്, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, ബാലരാമപുരം തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ ഇതാദ്യമായാണ് പൊലീസ് പിടിയിലാകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2024–25 കാലയളവിൽ മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ അരങ്ങേറിയ മോഷണ പരമ്പരകളുടെ സൂത്രധാരൻ ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിലെ ഒരു വീട് കുത്തിത്തുറന്ന് നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് നിർണായക വഴിതിരിവായത്.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മറ്റ് ഒട്ടനവധി മോഷണങ്ങളും ഇയാൾ സമ്മതിച്ചതെന്ന് നരുവാമൂട് എസ്എച്ച്ഒ കിരൺ ശശിധരൻ, മലയിൻകീഴ് സിഐ ഉമേഷ് എന്നിവർ അറിയിച്ചു. മോഷണത്തിലൂടെ ലഭിച്ച പണവും സ്വർണവും എന്തുചെയ്തു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിൽ വ്യക്തത വന്നിട്ടുണ്ട്.
മുപ്പതോളം വീടുകളിൽ നിന്നായി നൂറിലധികം പവൻ സ്വർണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയുമാണ് ഇയാൾ കവർന്നത്. ഈ തുക ഉപയോഗിച്ച് ആഡംബര കാറുകളും ബൈക്കുകളും ലോട്ടറിയുമാണ് ഇയാൾ വാങ്ങിയിരുന്നത്.
ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഇയാൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബര ബൈക്കുകളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു കവർച്ച.
വീടുകളുടെ പിൻവാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് ഇയാൾ അകത്തു കടന്നിരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയായിരുന്നു മോഷണങ്ങൾ.
തന്റെ തൊട്ടടുത്തുള്ള വീടുകളിൽ പോലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

