തൃക്കരിപ്പൂർ∙ ചക്രപാണി മഹാക്ഷേത്രത്തിന്റെ കന്നിക്കൊട്ടാരത്തിൽ സൂക്ഷിച്ച താളിയോല ഗ്രന്ഥങ്ങൾ നാശം നേരിടുന്ന സാഹചര്യത്തിൽ സംരക്ഷിക്കുന്നതിനു പദ്ധതി. ഇതിന്റെ ഭാഗമായി താളിയോല ഗ്രന്ഥങ്ങൾ പരിശോധിച്ചു തുടങ്ങി.
കമ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിലാണ് ഗ്രന്ഥങ്ങൾ സംരക്ഷിക്കുക. പഴശ്ശിരാജ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ കോഴിക്കോട് പുരാരേഖ മേഖലാ ഓഫിസിനു കീഴിലാണ് പരിശോധന ആരംഭിച്ചത്.
നൂറ്റാണ്ടിലധികം പഴക്കമുള്ള 5000 ൽ പരം താളിയോല ഗ്രന്ഥങ്ങളുണ്ട്. ഇതിൽ പാതിയോളം നാശം നേരിടുന്നുണ്ട്.
കോലത്തിരി രാജാവിന്റെ കാലത്തെ സ്വത്ത് സംബന്ധിച്ച ക്രയവിക്രയ രേഖകളാണ് കൂടുതലും കണ്ടെത്തിയത്.
ക്ഷേത്ര സംബന്ധമായ വരവുചെലവു കണക്കുകളും കാണാനുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഗ്രാമം എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാവുന്ന താളിയോലകൾ ഇവിടെ ഉണ്ടെന്നു കരുതുന്നു.
നാടുവാഴികൾ ഉൾപ്പെടെയുള്ളവരുടെ കൈപ്പടയിൽ എഴുതിയ താളിയോല ഗ്രന്ഥങ്ങൾക്കും സാധ്യത കാണുന്നുണ്ട്. മലയാളത്തിലെ പഴയ ലിപികളിൽ എഴുതിയ താളിയോലകളുണ്ട്.
ഓരോ കെട്ടിലും 20 ൽ പരം താളിയോലകളുണ്ട്.
ചിറക്കൽ രാജാവ് ഭൂമി പതിച്ചു നൽകിയ വിവരങ്ങളും രാജാക്കൻമാരുടെ ആശയവിനിമയും സമീപ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പുകളും താളിയോലകളിലുണ്ട്. താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കുന്ന നടപടി അടുത്തദിവസത്തിനകം ആരംഭിക്കും.
കൂടുതൽ കാലം സൂക്ഷിക്കാവുന്ന സംരക്ഷണ രീതിയാണ് ബന്ധപ്പെട്ടവർ ആലോചിക്കുന്നത്. അമൂല്യമായ രേഖകൾ കണ്ടെത്തി സംരക്ഷിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുൻപ് ഉയർന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

