കാസർകോട് ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായിക താരങ്ങൾ പരിശീലനത്തിനായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്. പരിശീലന സൗകര്യങ്ങളില്ലാത്ത അക്കാദമികളിലെ താരങ്ങൾ ഞായറാഴ്ചകളിൽ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. നീന്തൽക്കുളമാണ് താരതമ്യേന കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്. അവധിക്കാലത്താണ് കൂടുതലും കുട്ടികൾ ഇവിടെ നീന്തൽ പരിശീലനത്തിനെത്തുന്നത്.
സ്റ്റേഡിയത്തിൽ 6 സിന്തറ്റിക് ട്രാക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ യൂത്ത് അഫയേഴ്സ് വിഭാഗത്തിന്റേതാണ് സ്റ്റേഡിയം. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരമുള്ള സ്റ്റേഡിയം കൂടിയാണിത്.
സംസ്ഥാന കായികമേള നിഷ്കർഷിക്കുന്ന 400 മീറ്റർ സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റ്, ബാസ്കറ്റ്ബോൾ, വോളിബോൾ കോർട്ടുകൾ, സ്വിമ്മിങ് പൂൾ എന്നിവയും ഇവിടെയുണ്ട്. 3 നിലകളിലായി വിശാലമായ പവിലിയനും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ പരിമിതികളും പ്രശ്നങ്ങളും ആവശ്യത്തിന്.
ജില്ലാ കൗൺസിലിന് ഏറ്റെടുക്കാൻ കഴിയില്ല
സംസ്ഥാന സ്പോർട്സ്, യുവജനക്ഷേമ വകുപ്പിന്റെ കീഴിൽ ഉണ്ടാക്കിയ സ്പോർട്സ് കേരള ഫൗണ്ടേഷനെന്ന (എസ്കെഎഫ്) സർക്കാർ കമ്പനിക്കു കീഴിലാണ് സ്റ്റേഡിയം. ജില്ലാ സ്പോർട്സ് കൗൺസിൽ ആദ്യം ഏറ്റെടുക്കൽ സാധ്യതയുമായി മുന്നോട്ടുവന്നിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ നടന്നില്ല.
ദീർഘകാല ലക്ഷ്യം മുന്നിൽക്കണ്ട് സംസ്ഥാന, ദേശീയ കായിക മത്സരങ്ങൾക്ക് വേദിയാക്കാനാണ് സ്റ്റേഡിയം നിർമിച്ചത്. എന്നാൽ സംസ്ഥാന, ദേശീയ മത്സരങ്ങൾക്ക് സ്റ്റേഡിയത്തെ വേദിയാക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പ്രശ്നങ്ങൾ ഒട്ടേറെ; പരിഹാരം അകലെ
ഇഎംഎസ് സ്റ്റേഡിയത്തിനു പരിമിതികളേറെയെന്നതാണ് സത്യം. ജില്ലയിലെ ഏക 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഇഎംഎസ് സ്റ്റേഡിയത്തിലാണ്.
എന്നാൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന് ആവശ്യമുള്ള അധിക സ്ഥലം (ഫ്രീസോൺ 10 മീറ്റർ വീതം ഇരു ഭാഗങ്ങളിലും) ക്രമീകരിക്കാതെയാണ് ഇവിടെ ട്രാക്ക് നിർമിച്ചത്. ഓട്ടക്കാർ ട്രാക്കിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ വീഴാതിരിക്കാനും പരിശീലകർക്കോ സഹായികൾക്കോ നിൽക്കാനും ആവശ്യമായ സ്ഥലം അനിവാര്യമാണ്. ഇതു കായികതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ക്രമീകരിക്കുന്ന സംവിധാനമാണ്.
അതിവിടെയില്ല. കൂടാതെ, സിന്തറ്റിക് ട്രാക്കിന്റെ മുകൾഭാഗം പലയിടത്തും ഇളകിയിട്ടുമുണ്ട്.
ത്രോ ഇനങ്ങളിൽ ഒട്ടേറെ ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാടെന്ന നിലയിൽ സ്റ്റേഡിയത്തിൽ ത്രോയിങ് ഏരിയ ഒരുക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ത്രോ ഇനങ്ങളിലെ ദേശീയ താരങ്ങളായ ഹെലിൻ എലിസബത്ത്, അനുപ്രിയ, സർവാൻ തുടങ്ങിയവരൊക്കെ ഇപ്പോഴും പരിശീലനം നടത്തുന്നത് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലാണ്.
അറ്റകുറ്റപ്പണികൾ അനിവാര്യം
സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഫുട്ബോൾ മൈതാനത്തിനു കൃത്യമായ പരിചരണമോ അറ്റകുറ്റപ്പണിയോ നടക്കുന്നില്ല. വോളിബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ടുകളും കാടുകയറാൻ തുടങ്ങി.
ബാസ്കറ്റ് ബോൾ കോർട്ട് കൃത്യമായി പരിപാലിക്കാത്തതിനാൽ പോളുകളിൽ പലയിടത്തും തുരുമ്പ് കയറിയിട്ടുണ്ട്. വിശാലമായ ഫുട്ബോൾ ഗ്രൗണ്ട് ഉണ്ടെങ്കിലും ദേശീയ നിലവാരത്തിന് അനുസരിച്ച് ടർഫ് ഒരുക്കിയിട്ടില്ല. പാറപോലെ ഉറച്ച മണ്ണാണ് ഗ്രൗണ്ട് മുഴുവൻ. പുല്ല് വച്ചുപിടിപ്പിച്ചാലും ഗുണം ലഭിക്കുന്നില്ലെന്നു കളിക്കാർ പറയുന്നു.
ഇഎംഎസ് സ്റ്റേഡിയം നിർമാണം നടത്തിയത് പിഡബ്ല്യുഡിയാണ്.
അന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ എസ്കെഎഫ് കമ്പനിക്കാണ് പരിപാലന ചുമതല.
അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കാന് അവരാണ് ശ്രമിക്കേണ്ടത്. അതിനുള്ള സാങ്കേതിക സംവിധാനം അവർക്കുണ്ട്.
അപാകതകൾ പരിഹരിച്ച് കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിലപാട്
പ്രഫ.പി.രഘുനാഥ് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

