കാഞ്ഞങ്ങാട് ∙ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കുടിശിക കോടികൾ കടന്നതോടെ ഇനി സൗജന്യ ഡയാലിസിസ് ചെയ്യാൻ കഴിയില്ലെന്ന് കാണിച്ച് സ്വകാര്യ ഡയാലിസിസ് സെന്ററുകൾ രംഗത്ത് വന്നതോടെ വൃക്ക രോഗികൾ പ്രതിസന്ധിയിൽ. പണം നൽകിയാൽ മാത്രമേ ഡയാലിസിസ് ചെയ്യാൻ കഴിയൂ എന്ന സ്ഥിതി വന്നാൽ വൃക്ക രോഗികളുടെ ജീവിതം ദുരിതമാകും.
രണ്ടു വൃക്കകളും തകരാറിലായ ഒരാൾക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. പുറമേ നിന്നു ഒരു തവണ ചെയ്യാൻ 1050 രൂപ വരും.
മരുന്നും യാത്ര ചെലവും കൂടുമ്പോൾ ആഴ്ചയിൽ 5000 രൂപ ചെലവും വരും. മാസം 20,000 രൂപയെങ്കിലും ഉണ്ടെങ്കിലേ ഒരു വൃക്ക രോഗിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.
ഇതിനിടയിലാണ് സ്വകാര്യ ഡയാലിസിസ് സെന്ററുകൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് കുടിശിക നൽകാത്തത് വൃക്ക രോഗികളെ ആശങ്കയിലാഴ്ത്തുന്നത്.
ജില്ലയിൽ ഡയാലിസിസ് ചെയ്യുന്ന 1248 പേരുണ്ട്. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 200 പേർക്ക് മാത്രമേ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമേ ഉള്ളൂ.
ആയിരത്തിലധികം വരുന്ന മറ്റു രോഗികൾ സ്വകാര്യ ഡയാലിസിസ് സെന്ററുകൾ, വിവിധ സന്നദ്ധ സംഘടനകളുടെ സെന്ററുകൾ എന്നിവയെ ആണ് ആശ്രയിക്കുന്നത്. ഇതിൽ മിക്കവരും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സ്വകാര്യ ഡയാലിസിസ് സെന്ററുകൾ വഴിയാണ് ഡയാലിസിസ് ചെയ്യുന്നത്.
ജില്ലയിൽ കൂടുതൽ പേർ ഡയാലിസിസ് ചെയ്യുന്ന കേന്ദ്രമാണ് കാസർകോട് കാമത്ത് മെഡിക്കൽ സെന്റർ. ഇവിടെ 82 രോഗികൾ ഡയാലിസിസ് ചെയ്യുന്നുണ്ടെന്ന് വൃക്ക രോഗികളുടെ സംഘടനയായ പോർഫ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികൾ പറയുന്നു.
ഇവർക്ക് ഒന്നര വർഷത്തെ കുടിശികയാണ് നൽകാനുള്ളത്.
ഒക്ടോബർ മുതൽ ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പോർഫ ഭാരവാഹികൾ ഇടപെട്ട് മന്ത്രിക്കും കലക്ടർക്കും ഹെൽത്ത് ഏജൻസിക്കും നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഹെൽത്ത് ഏജൻസി കാമത്ത് മെഡിക്കൽ സെന്റർ അധികൃതരുമായി ചർച്ച നടത്തി. ഒക്ടോബർ 30ന് തുക നൽകാമെന്നും അതു വരെ ഡയാലിസിസ് തുടരാനും നിർദേശം നൽകി.
എന്നാൽ നവംബർ ആയിട്ടും യോഗത്തിൽ ധാരണയായ പ്രകാരമുള്ള കുടിശിക നൽകാൻ സർക്കാർ തയാറായിട്ടില്ല. ഇതോടെയാണ് കാമത്ത് മെഡിക്കൽ സെന്ററും പിന്മാറാൻ ഒരുങ്ങുന്നത്.
നിലവിൽ ജില്ലയിലെ 4 സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്നു പിന്മാറിയെന്ന് പോർഫ ഭാരവാഹികൾ വ്യക്തമാക്കുന്നു.
സിഎം വിത്ത് മീ ടോൾ ഫ്രീ നമ്പറിലും വിളിച്ച് പരാതി നൽകിയിരുന്നു. ഇവിടെ നിന്നും അനുകൂല നടപടിയുണ്ടായില്ല.
കുടിശിക നൽകുന്നത് ഇനിയും വൈകിയാൽ വൃക്ക രോഗികളുടെ ജീവിതം ദുരിതമാകും. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ഇൻഷുറൻസ് തുക മുൻകൂറായി നൽകണമെന്നും സർക്കാർ മേഖലയിൽ കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കണമെന്നും പോർഫ ജില്ലാ പ്രസിഡന്റ് എൻ.എ.അബ്ദുൽ സലാം, സംസ്ഥാന കൺവീനർ ഖാലിദ് കൊളവയൽ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വിനോദ്, ജില്ലാ സെക്രട്ടറി എ.ബാലകൃഷ്ണൻ, വാസു മുദിയക്കാൽ, എം.നസറുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.
ജില്ലയിൽ എച്ച്ഐവി ബാധിതരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം കാമത്ത് മെഡിക്കൽ സെന്ററിൽ മാത്രമാണ്. സർക്കാർ മേഖലയിലും ഇത് സൗകര്യമൊരുക്കണം.
ജില്ലയിൽ നെഫ്രോളജിസ്റ്റ് ഇല്ലാത്തതും വൃക്ക രോഗികൾക്ക് തിരിച്ചടിയാണെന്നും ഇവർ വ്യക്തമാക്കി. ഇൻഷുറൻസ് കുടിശിക നൽകുന്നത് വൈകിയാൽ ജീവൻ നിലനിർത്താൻ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

