നായന്മാർമൂല∙ മുളിയാറിലെ എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിൽ വന്ധ്യംകരിച്ച തെരുവുനായ്ക്കളെ ആലംപാടി റഹ്മാനിയ നഗറിലെ ജനവാസമേഖലയിൽ തുറന്നുവിട്ടതായി പരാതി. നായ്ക്കളെ കൊണ്ടുവിട്ട
വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വിദ്യാനഗർ പൊലീസിൽ ഏൽപിച്ചു. ഇന്നലെ രാവിലെ 10 മണിക്കാണ് വാഹനത്തിൽ കൊണ്ടുവന്ന് 5 നായ്ക്കളെ ഇവിടെ തുറന്നുവിട്ടത്. ഞായറാഴ്ച ആയതിനാൽ കടകൾ അവധിയായിരുന്നു. ഇതുവരെ കാണാത്ത നായ്ക്കളെ കണ്ട് കടകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ നിന്നു നായ്ക്കളെ തുറന്നുവിടുന്നത് കണ്ടത്.
ഇതോടെ നാട്ടുകാർ വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഉച്ചയ്ക്ക് വിദ്യാനഗറിൽ വച്ച് വാഹനം നാട്ടുകാർ പിടികൂടുകയും പൊലീസിൽ ഏൽപിക്കുകയും ചെയ്തു. എബിസി കേന്ദ്രം അധികൃതരെ പൊലീസ് വിളിപ്പിച്ചപ്പോൾ സമീപപ്രദേശങ്ങളിൽ നിന്നു പിടികൂടിയ നായകളാണ് ഇവയെന്നായിരുന്നു മറുപടി.
ഇവയെ പിടികൂടി പിടിച്ച അതേ സ്ഥലത്ത് തുറന്നുവിടാമെന്ന ഉറപ്പിനെ തുടർന്ന് പൊലീസ് വാഹനം വിട്ടുനൽകി.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ മുൻപിൽ വച്ചു മാത്രമേ നായ്ക്കളെ പിടികൂടാൻ പാടുള്ളൂ എന്നാണ് മൃഗസംരക്ഷണ വകുപ്പ് എബിസി കേന്ദ്രം അധികൃതർക്ക് നൽകിയ നിർദേശം. ശസ്ത്രക്രിയ നടത്തി 5 ദിവസത്തിനു ശേഷം അവയെ തുറന്നു വിടുമ്പോഴും അവരുടെ സാന്നിധ്യം നിർബന്ധമാണ്.
പിടികൂടിയ അതേ സ്ഥലത്ത് മാത്രമേ നായകളെ തുറന്നുവിടാൻ പാടുള്ളൂ. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് എബിസി കേന്ദ്രം അധികൃതർ നായ്ക്കളെ പിടികൂടിയതും തുറന്നു വിട്ടതെന്നുമാണ് റഹ്മാനിയ നഗറിലെ നാട്ടുകാർ പറയുന്നത്.
ഒരു നായയെ പിടികൂടി വന്ധ്യംകരണം നടത്തി അതേ സ്ഥലത്ത് വിടാൻ രണ്ടായിരത്തിലേറെ രൂപയാണ് കേന്ദ്രം നടത്തുന്ന നെയ്ൻ ഫൗണ്ടേഷന് നൽകുന്നത്. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് എബിസി കേന്ദ്രം അധികൃതരുടെ വിശദീകരണം.
പിടികൂടിയതിന്റെ 2 കിലോമീറ്റർ ചുറ്റളവിലാണ് നായ്ക്കളെ തുറന്നുവിടുന്നത്. കലക്ടറേറ്റ് പരിസരം, നായന്മാർമൂല ഭാഗങ്ങളിൽ നിന്നു പിടികൂടിയ നായ്ക്കളാണ് ഇവ.
ജിപിഎസ് രേഖപ്പെടുത്തിയാണ് നായ്ക്കളെ പിടികൂടുന്നത്. ഇതിന്റെ വീഡിയോയും ഉണ്ട്.
ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ നായ്ക്കളെ പിടികൂടുമെന്നും അധികൃതർ വിശദീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

