ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ എന്നീ അത്യാധുനിക മേഖലകളിലെ നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും കണ്ടെത്തുക ലക്ഷ്യമിട്ട് നവംബർ 7ന് തിരുവനന്തപുരം ടെക്നോപാർക്ക് പാർക്ക് സെന്ററിൽ ജനറേറ്റീവ് എഐ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) തിരുവനന്തപുരം ക്യാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്ലൗഡ്വേവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് ഈ വിജ്ഞാനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വിവിധ ഐടി പ്രൊഫഷണലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകർ, സാങ്കേതിക രംഗത്ത് താൽപ്പര്യമുള്ള കോളജ് വിദ്യാർഥികൾ എന്നിവർക്ക് തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കാനും പ്രായോഗികമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കാനും ഈ വേദി വലിയ അവസരമൊരുക്കും. പഠനവും ഗവേഷണവും വ്യവസായ മേഖലയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക, മികച്ച സാങ്കേതിക പ്രതിഭകളെ കണ്ടെത്തുക, കേരളത്തിലെ എഐ ഇന്നൊവേഷൻ ഇക്കോസിസ്റ്റം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. അനൂപ് പി.
അംബിക, ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ, ക്ലൗഡ്വേവ് ഇന്റലിജൻസ് സ്ഥാപകനും ഡയറക്ടറുമായ ഡോ.
സാബു എം. തമ്പി എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
കൂടാതെ, ഓർത്തോ എഫ് എക്സ് സീനിയർ മാനേജർ വർഗീസ് ജോർജ് പ്രത്യേക അതിഥിയായും പങ്കെടുക്കും. വ്യവസായ രംഗത്തെ വിവിധ വിദഗ്ധർ ഹാക്കത്തോണിലെ സാങ്കേതിക വിലയിരുത്തലുകൾക്ക് നേതൃത്വം നൽകും.
താൽപര്യമുള്ളവർക്ക് നവംബർ 5ന് രാത്രി 11.59 വരെ ഹാക്കത്തോണിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ പ്രോജക്റ്റ് ഉൾപ്പെടുത്തിയുള്ള റജിസ്ട്രേഷനുകൾ മാത്രമേ സംഘാടകർ സ്വീകരിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

